മലയാള ദൃശ്യമാദ്ധ്യമ രംഗത്ത് മാറ്റത്തിന്റെ ശംഖനാദം മുഴക്കി ജനം കടന്നുവന്നിട്ട് ഇന്ന് നാല് വർഷം. ദേശീയതയുടെ ശബ്ദമാകാൻ ഒരു ചാനൽ വേണമെന്ന മലയാളത്തിന്‍റെ ആഗ്രഹം സഫലമാക്കിക്കൊണ്ട് 2015 ഏപ്രിൽ 19 ന് കൊച്ചി വെല്ലിംഗ്ടൻ ഐലന്റിൽ നടന്ന പ്രൗഢ ഗംഭീര ചടങ്ങിലായിരുന്നു ജനം ടിവിയുടെ ഔദ്യോഗിക ഉദ്ഘാടനം.
തുടർന്ന് നൂതന സാങ്കേതിക വിദ്യയോടൊപ്പം അന്വേഷണാത്മക പത്രപ്രവർത്തനത്തിന്‍റെ സമഗ്രതയോടെ മെയ് 31 ന് തത്സമയ സംപ്രേക്ഷണം ആരംഭിച്ചു.
ആഗോള ഭീകരതയുടെ കളിത്തൊട്ടിലായി കേരളം മാറുന്നുവെന്ന ഞെട്ടിക്കുന്ന വാർത്ത ആദ്യ ദിനങ്ങളിൽ തന്നെ ജനം ടിവി ലോകത്തിന് മുന്നിലെത്തിച്ചു. ദേശീയതയെ സംരക്ഷിക്കാനുള്ള പേരാട്ടത്തിന്‍റെ ഭാഗമായി ഭീകരതയ്‌ക്കും വിഘടനവാദത്തിനുമെതിരായ പോരാട്ടം ഇന്നും ജനം ടിവി തുടരുന്നു.
സർക്കാർ ഖജനാവ് കൊള്ളയടിച്ച കണ്ണടവിവാദവും ദേവസ്വം ബോർഡ് ആസ്ഥാനത്തെ ഭക്ഷണശാലയിൽ മത്സ്യവും മാംസവും വിളമ്പിയതുമെല്ലാം ജനം വാർത്തയാക്കിയപ്പോൾ, മറ്റ് മാദ്ധ്യമങ്ങൾക്കും മടിച്ചുനിർക്കാനായില്ല. മറ്റുള്ളവർ കണ്ടില്ലെന്ന് നടിച്ച അൽഷിഫ ആശുപത്രിയിലെ ചികിത്സാപ്പിഴവുകൾ പുറത്തെത്തിച്ചത് ജനമായിരുന്നു.
ഇസ്ലാമിക ഭീകരസംഘടനകൾ അപ്രഖ്യാപിത ഹർത്താലിന്‍റെ മറവിൽ നടത്തിയ അതിക്രമങ്ങൾ, ജനംടിവി ജനസമക്ഷമെത്തിച്ചു. ദേശീയമാദ്ധ്യമങ്ങളടക്കം വാർത്തയാക്കിയ സിപിഎമ്മിന്റെ ദേശവിരുദ്ധതയും ഭാരത സൈന്യത്തെ അധിക്ഷേപിക്കലും ആദ്യം ജനസമക്ഷമെത്തിച്ചത് ജനമാണ്.
സുപ്രീം കോടതി വിധിയുടെ മറവിൽ ശബരിമല അയ്യന്റെ പൂങ്കാവനത്തിനുള്ളിൽ പോലീസ് നരനായാട്ട് നടത്തിയപ്പോഴും ആചാര ലംഘനത്തിനായി സർവ്വ സന്നാഹവുമായി സംസ്ഥാന സർക്കാർ ശ്രമിച്ചപ്പോഴും ഭക്തർക്കൊപ്പം നിന്ന ഏക മാദ്ധ്യമം ജനം ടിവിയായിരുന്നു. ധർമ്മ വിജയത്തിനായി ആചാരസംരക്ഷണത്തിനായി ജനം വിശ്വാസികൾക്കൊപ്പം നിലകൊണ്ടു.
ഒളിച്ച് വയ്‌ക്കലിന്റെയും വളച്ചൊടിക്കലിന്റെയും കാലത്ത് മറ്റാരും പറയാത്ത നിരവധി വാർത്തകൾ സമൂഹത്തിനു മുന്നിലെത്തിക്കാൻ ജനത്തിനായി . ദേശീയ ചിന്താധാരകൾക്കെതിരെയുള്ള ഏത് ശ്രമങ്ങളേയും പ്രതിരോധിക്കാൻ ജനം എന്നും മുന്നിലുണ്ടായിരുന്നു.
ഒടുവിൽ മറ്റുള്ളവരും അത് സമ്മതിച്ചു. ആരും കൊടുത്തില്ലെങ്കിലും ജനം വാർത്ത കൊടുക്കും. നാല് വർഷം കൊണ്ട് എല്ലാം കീഴടക്കിയെന്ന് ഞങ്ങൾ അവകാശപ്പെടുന്നില്ല. എന്നാൽ ആർക്കു മുന്നിലും കീഴടങ്ങിയിട്ടില്ലെന്ന് തലയുയർത്തിപ്പിടിച്ച് തന്നെ പറയാനാകും.
ഇതുവരെ നിങ്ങൾ തന്ന എല്ലാ സ്നേഹത്തിനും നിറഞ്ഞ നന്ദി അറിയിക്കുന്നു .ഒപ്പം ഇനിയും ജനത്തോടൊപ്പം ഉണ്ടാകണമെന്ന് സ്നേഹത്തിന്റെ ഭാഷയിൽ അഭ്യർത്ഥിക്കുന്നു.















