തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ അടുത്ത സീസണിൽ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ കേരളത്തിന് വേണ്ടി കളിക്കും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായി. അതേസമയം, ജലജ് സക്സേനയും പരിശീലകനായി ഡേവിഡ് വാട്മോറും ടീമിൽ തുടരും.
2006ൽ ഇഗ്ലണ്ടിനെതിരായ പര്യടനത്തിലാണ് ഉത്തപ്പയുടെ ഏകദിന അരങ്ങേറ്റം. അരങ്ങേറ്റ മത്സരത്തിൽ തന്നെ 86 റൺസ് നേടി മികച്ച പ്രകടനമാണ് ഉത്തപ്പ കാഴ്ചവെച്ചത്. 2007 ലെ പ്രഥമ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയെ കിരീടം ചൂടിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഉത്തപ്പ പാതി മലയാളി കൂടിയാണ്. അച്ഛന്റെ വീട് കർണാടകയിലെ കുടകും അമ്മയുടെ വീട് കോഴിക്കോടുമാണ്.
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച കേരളം സെമിയിൽ കരുത്തരായ വിദർഭയോട് തോറ്റാണ് പുറത്തായത്. ക്വാർട്ടറിൽ ഗുജറാത്തിനെ തകർത്തായിരുന്നു കേരളം സെമിയിൽ പ്രവേശിച്ചത്. രഞ്ജിയിലെ കേരളത്തിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്.