സതാംപ്ടൺ: ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപ്പണർ ശിഖർ ധവാൻ ഇംഗ്ലണ്ടിൽ തന്നെ തുടരുമെന്ന് ബിസിസിഐ. ധവാൻ ഇപ്പോൾ ബിസിസിഐയുടെ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിലെ പുരോഗതി നിരീക്ഷിച്ചുവരികയാണെന്നും ബിസിസിഐ അറിയിച്ചു.
പരിക്കുമൂലം ശിഖർ ധവാനെ തിരിച്ചുവിളിച്ചുവെന്ന് വാർത്തകൾ വന്ന സാഹചര്യത്തിലാണ് ബിസിസിഐ പ്രസ്താവനയിറക്കിയത്.
ലോകകപ്പിലെ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിലാണ് ധവാന് വിരലിന് പരിക്കേറ്റത്. മത്സരത്തിൽ സെഞ്ച്വറി നേടിയ ധവാൻ പരിക്കുമൂലം ഫീൽഡിംഗിന് ഇറങ്ങിയിരുന്നില്ല. ധവാന് മൂന്നാഴ്ച വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.