ആലപ്പുഴ: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുളള ലേക്ക് പാലസ് റിസോര്‍ട്ടിനു അനുകൂലമായ സര്‍ക്കാര്‍ ഉത്തരവ് ചട്ടവിരുദ്ധമെന്ന് നഗരസഭക്ക് നിയമോപദേശം. അനധികൃത നിര്‍മ്മാണത്തിനു പിഴയിട്ട നഗരസഭാ നടപടിയില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരല്ല. പിഴത്തുക കുറച്ച്, കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കണമെന്ന ഉത്തരവില്‍, നഗരസഭയ്ക്ക് ഉചിത തീരുമാനമെടുക്കാമെന്നും സീനിയര്‍ കൗണ്‍സില്‍ നിയമോപദേശം നല്കി.
ലേക്ക് പാലസ് റിസോര്‍ട്ടിലെ അനധികൃത നിര്‍മ്മിതി വിഷയത്തില്‍ നിയമ പോരാട്ടത്തിനു വഴി വെക്കുന്നതാണ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനില്‍ നിന്ന് നഗരസഭക്ക് ലഭിച്ച നിയമോപദേശം. റിസോര്‍ട്ടില്‍ നിന്നും നികുതിയും പിഴയും അടക്കം 2.71 കോടി രൂപ ഈടാക്കാനുളള നഗരസഭാ നീക്കത്തിന്മേല് കോടതിയോ, തദ്ദേശ സ്വയം ഭരണ ട്രീബ്യൂണലോ ആണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അതിനാല്‍ തന്നെ, സര്‍ക്കാര്‍ ഉത്തരവ് ചട്ടവിരുദ്ധമാണെന്ന് നിയമോപദേശത്തില്‍ പറയുന്നു.
സാധാരണ ഗതിയിലുളള നികുതി വിഷയത്തില്‍ സര്‍ക്കാരിനിടപെടാം. എന്നാല്‍, നികുതിയും പിഴയും ചുമത്തിയ വിഷയത്തിലാണ് സര്‍ക്കാര്‍ ഇടപെട്ടത്. അതിനാല്‍തന്നെ ഉത്തരവ് സ്വീകരിക്കുകയോ തളളുകയോ ചെയ്യാനുളള അവകാശം നഗരസഭാ കൗണ്‍സിലിനാണ്. ഈ സാഹചര്യത്തിലാണ് ലേക്ക് പാലസ് വിഷയം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച നഗരസഭാ കൗണ്‍സില്‍ ചേരുന്നത്.
നിയമ നടപടികള്‍ സ്വീകരിക്കണമെന്ന പൊതു നിലപാടാണ് ഭരണകക്ഷിയായ കോണ്‍ഗ്രസിനുളളത്. കൗണ്‍സിലിലെ ഭൂരിപക്ഷം കണക്കാക്കുമ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് തള്ളാനാണ് സാധ്യത.
റിസോര്‍ട്ടിലെ അനധികൃത നിര്‍മ്മിതികള്‍ക്ക് ചുമത്തിയ 2.71 കോടി വെട്ടിക്കുറച്ച് 35 ലക്ഷമാക്കിക്കൊണ്ടു നഗരസഭ റീജ്യണന്‍ ഡയറക്ടര്‍ ഈ മാസം ആദ്യമാണ് ഉത്തരവിട്ടത്. കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കാനും ലൈസന്‍സ് പുതിക്കാനുമുളള അപേക്ഷകളിന്മേല് ഉചിത തിരുമാനം ഉണ്ടാകണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു.