സമീപ കാലത്ത് നിരവധി കുറ്റകൃത്യങ്ങള്‍ വിവിധ മാദ്ധ്യമങ്ങളിലൂടെ പുറം ലോകമറിയുന്നുണ്ട്. എന്നാല്‍ ഇന്ന് ഫെയ്സ്ബുക്കിലൂടെ പുറത്തു വന്ന മോഷണത്തിനേക്കാള് വാര്‍ത്തയിലിടം നേടിയത് മോഷണത്തിന് ഇരയായ അദ്ധ്യാപികയുടെ ഫെയ്സ്ബുക്ക് പോസ്റ്റായിരുന്നു. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ നഷ്ടമായെങ്കിലും ഗവേഷക വിദ്യാര്‍ത്ഥി കൂടിയായ അദ്ധ്യാപിക തന്റെ വിലപ്പെട്ട ലാപ്ടോപ്പ് മാത്രം തിരികെ ആവശ്യപ്പെടുകയാണുണ്ടായത്.
ജിഷ പളളിയത്ത് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് മോഷണ വാര്‍ത്ത പുറത്തു വന്നത്. 42 ഇഞ്ച് സാംസംഗ് എല്‍സിഡി ടിവി, പാനസോണിക് സൗണ്ട് ബോക്സ്, സ്പീക്കര്‍, കാനണ്‍ ഡിജിറ്റല്‍ ക്യാമറ, മെമ്മറി കാര്‍ഡ്, കാര്‍ഡ് റീഡര്‍, നെറ്റ് സെറ്റര്‍ എന്നിവക്കു പുറമേ ഒരു ലെനോവോ ലാപ്ടോപ്പും മോഷണം പോയിട്ടുണ്ട്. ഗവേഷക വിദ്യാര്‍ത്ഥിയായ തന്റെ പഠനത്തെ ബാധിക്കുമെന്നതിനാല്‍ ലാപ്ടോപ്പ് തിരികെ നല്‍കാനാണ് ജിഷ ആവശ്യപ്പെടുന്നത്.
സംഭവത്തില്‍ തന്റെ നാട്ടുകാരുടെ പങ്കുണ്ടെന്ന് കരുതാന്‍ വയ്യെന്നും ഇത് ചെയ്തത് ആരാണെങ്കിലും അവരെ കള്ളനെന്നു വിളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞതിനൊപ്പം മോഷ്ടാവ് ചെയ്ത പ്രവൃത്തിയോടും വരുത്തിവെച്ച നാശനഷ്ടങ്ങളോടും തങ്ങള്‍ ക്ഷമിക്കാന്‍ തയ്യാറാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ജിഷ അറിയിച്ചു. ലാപ്ടോപ്പ് തിരിച്ചു നല്‍കാനുള്ള കരുണ കാണിക്കണമെന്നും മോഷണം നടത്തിയ വ്യക്തിയെ ഒരു കുറ്റവാളിയായി സമൂഹത്തിനു മുന്നില്‍ നിര്‍ത്താന്‍ താല്പര്യമില്ലെന്നും ജിഷ പറയുന്നു. എന്നാല്‍ ലാപ്ടോപ്പ് തിരിച്ചു ലഭിച്ചില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഇവര്‍ പറഞ്ഞു.
2011 മുതല്‍ മൂന്ന് സ്ത്രീകള്‍ മാത്രം താമസിക്കുന്ന മുപ്പത് വര്‍ഷത്തോളം പഴക്കമുളള വീട്ടിലാണ് മോഷണം നടന്നത്. ആദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നതെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. മോഷണം നടന്നതിന്റെ ഭാഗമായുണ്ടായ നാശനഷ്ടങ്ങള്‍ വ്യക്തമാക്കുന്ന ചിത്രങ്ങളും ഫെയ്സ്ബുക്ക് പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
https://www.facebook.com/story.php?story_fbid=10214109708523067&id=1423405797