കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈറ്റിന്റെയും, ഇന്ത്യൻ ഡെന്റിസ്റ്റ്സ് അലൈൻസ് കുവൈറ്റിന്റെയും സഹകരണത്തോടെ മേഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. മംഗഫ് അൽ നജാത്ത് സ്കൂളിൽ വെച്ചു നടന്ന മെഡിക്കൽ ക്യാന്പ് ഫഹാഹീൽ ഷിഫ അൽ ജസീറ ആശുപത്രിയുടേയും, അൽ-അമൽ ഒപ്ടികൽസിന്റേയും, കെഒസി ആശുപത്രി റേഡിയോളജി വിഭാഗത്തിലെയും കൂടാതെ കലയുടെ നാലു മേഖലകളിൽ നിന്നുമുള്ള അംഗങ്ങളായ പാരാമെഡിക്കൽ ജീവനക്കാരുടെയും പിന്തുണയോടു കൂടിയാണ് ക്യാമ്പ് ഒരുക്കിയിരുന്നത്.
പ്രസിഡന്റ് ടിവി ഹിക്മത്തിന്റെ അധ്യക്ഷതയിൽ ചേർന്ന മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ഐഡിഎഫ് പ്രസിഡന്റ് ഡോ: സുരേന്ദ്ര നായക് നിർവ്വഹിച്ചു. ഐഡിഎഫ് ജനറൽ സെക്രട്ടറി ഡോ:മോഹൻ റാം, വൈസ് പ്രസിഡന്റ് ഡോ:മധു ഗുപ്ത, വെൽഫെയർ സെക്രട്ടറി ഡോ: സണ്ണി ജോസഫ്, ഡോ: സുഷോവൻ നായർ, ഐഡാക് പ്രതിനിധി ഡോ: പ്രതാപ് ഉണ്ണിത്താൻ, കല കുവൈറ്റ് ജനറൽ സെക്രട്ടറി ടികെ സൈജു, ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്ത് കുമാർ എന്നിവർ ക്യാമ്പിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി രജീഷ് സി നായർ ചടങ്ങിൽ സംബന്ധിച്ചു. ക്യാമ്പുമായി സഹകരിച്ച ഐഡിഎഫ്, ഐഡാക്, ഷിഫ അൽ-ജസീറ ക്ലിനിക്, അമൽ ഒപ്ടിക്കൽസ് എന്നിവർക്കുള്ള കലയുടെ സ്നേഹോപഹാരം ചടങ്ങിൽ വെച്ച് കൈമാറി. കല കുവൈറ്റ് സാമൂഹ്യ വിഭാഗം സെക്രട്ടറി അനൂപ് മങ്ങാട്ട് സ്വാഗതം ആശംസിച്ച ചടങ്ങിന് മെഡിക്കൽ ക്യാമ്പ് സ്വാഗത സംഘം ചെയർമാൻ പിബി സുരേഷ് നന്ദി രേഖപ്പെടുത്തി.