തൃശൂര്‍: വീയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും റെയ്ഡ്. ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു. രണ്ട് മൊബൈല്‍ ഫോണ്‍, ഏഴ് മൊബൈല്‍ ബാറ്ററികള്‍, ഡാറ്റ കേബിള്‍, കഞ്ചാവ് പൊതി എന്നിവയാണ് കണ്ടെടുത്തത്.
സി.ബ്ലോക്കിന് സമീപമുള്ള മുത്രപ്പുരയ്ക്ക് സമീപം കുഴിച്ചിട്ട നിലയിലാണ് മൊബൈലുകളും ബാറ്ററികളും കണ്ടെത്തിയത്. തടവുകാരനായ മാര്‍ട്ടിന്റെ കയ്യില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
സംഭവത്തില്‍ ജയിലധികൃതര്‍ വിയ്യൂര്‍ പൊലീസില്‍ പരാതി നല്കി. ജയിലില്‍ ദിവസവും പരിശോധന നടത്തണമെന്ന ഡി.ജി.പി ഋഷിരാജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു നടപടി.
വിയ്യൂര്‍ ജയിലില്‍ കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ ടിപി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി ഷാഫിയുടെ കയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടിയിരുന്നു. രണ്ട് മൊബൈല്‍ ഫോണുകളാണ് ഷാഫിയുടെ കയ്യില്‍ നിന്നും പിടികൂടിയത്.
തുടര്‍ നടപടിയുടെ ഭാഗമായി ടിപി വധക്കേസ് പ്രതികളായ കൊടി സുനിയെയും ഷാഫിയെയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനും തീരുമാനിച്ചിരുന്നു.