Special

ഏത് പ്രതിസന്ധിയിലും മനസ്സാന്നിദ്ധ്യം കൈവിടാത്തവൻ, ക്യാപ്ടൻ കൂൾ

ബാറ്റ് ചെയ്യാനിറങ്ങുമ്പോഴും ഔട്ടായി മടങ്ങുമ്പോഴും മുഖത്ത് യാതൊരു ഭാവഭേദവുമില്ലാതെ നടന്നു പോകുന്ന എത്ര ക്രിക്കറ്റ് കളിക്കാരുണ്ടാകും. ചോദ്യം ഗൗരവമുള്ളതാണെങ്കിലും ഉത്തരം ലളിതമാണ്.

അത്തരം ക്രിക്കറ്റ് കളിക്കാരെ ചേർത്ത് ഒരു പട്ടികയുണ്ടാക്കിയാൽ ഒന്നാം പേരുകാരനാകാൻ ആരെയും തിരഞ്ഞ് ബുദ്ധിമുട്ടണമെന്നില്ല. ഒരു റാഞ്ചിക്കാരൻ മറ്റെല്ലാവരേയും ബഹുദൂരം പിന്നിലാക്കി ഒന്നാമതെത്തും.

സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണി. ഏത് പ്രതിസന്ധിയിലും മനസ്സാന്നിദ്ധ്യം വിടാത്തവൻ . ക്യാപ്ടൻ കൂൾ.

2003 ലെ ഇന്ത്യൻ ടീം ഇംഗ്ലണ്ടിലെ മൈതാനങ്ങളിൽ ഫൈനലിലേക്ക് കുതിക്കുന്ന കാലത്ത് ലോകത്തെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനായ ഗോരഖ് പൂരിൽ ഒരു സാധാരണ റെയിൽവേ ടിക്കറ്റ് പരിശോധകനായിരുന്നു മഹേന്ദ്ര സിംഗ് ധോണി. ആഭ്യന്തര ക്രിക്കറ്റിലെ ഭേദപ്പെട്ട പ്രകടനത്തെ തുടർന്ന് ഇന്ത്യൻ ടീമിലേക്ക് കണ്ണു നട്ടിരിക്കുന്ന ഒരു വിക്കറ്റ് കീപ്പർ.

കുട്ടിക്കാലത്ത് ഫുട്ബോൾ ഗോൾ കീപ്പറും ബാഡ്മിന്റൺ കളിക്കാരനുമായിരുന്ന ധോണി പത്താം ക്ലാസിനു ശേഷമാണ് ഗൗരവമായി ക്രിക്കറ്റ് കളിക്കാനിറങ്ങിയത്. ക്ലബ്ബ് ക്രിക്കറ്റിലെ മിന്നുന്ന കളികളും ലിസ്റ്റ് എ ക്രിക്കറ്റിലെ പോരാട്ടവും രഞ്ജിയിലേക്ക് വഴി തുറന്നു. പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു.

ആദ്യം ഏകദിന അരങ്ങേറ്റം ബംഗ്ലാദേശിനെതിരെ. ആദ്യ കളിയിൽ പൂജ്യനായി പുറത്ത്. ആ സീരീസിൽ വലിയ കളി കെട്ടഴിക്കാനായില്ല. എന്നാൽ പാകിസ്ഥാനെതിരെയുള്ള പരമ്പരയിൽ മുടി വളർത്തിയ പയ്യൻ വരവറിയിക്കുക തന്നെ ചെയ്തു. വിശാഖപട്ടണം ഏകദിനത്തിൽ സ്ഥാനക്കയറ്റം കിട്ടിയ മഹി പാക് സീമർമാരെ തച്ചു തകർത്ത് നേടിയത് 148 റൺസ്, ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയർന്ന സ്കോർ.

ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിൽ വീണ്ടും പിറന്നു ഒരു തകർപ്പൻ ഇന്നിംഗ്സ്. 145 പന്തിൽ 183. പതിനഞ്ച് ബൗണ്ടറികളും പത്ത് തകർപ്പൻ സിക്സറുകളും. വൺഡേ വണ്ടറല്ല താനെന്ന് തെളിയിക്കുന്ന ബാറ്റിംഗ്. ധോണി യുഗം അവിടെ ആരംഭിക്കുകയായിരുന്നു.

ബാറ്റിംഗറിയാത്ത കീപ്പർമാരെയും കീപ്പിംഗ് അറിയാത്ത ബാറ്റ്സ്മാന്മാരെയും പരീക്ഷിച്ച് ആകെ വശം കെട്ടു നിന്ന ഇന്ത്യൻ ടീമിന് ഒരു ആശ്വാസം മാത്രമല്ല കരുത്തുകൂടിയാവുകയായിരുന്നു മഹി. 2006 ൽ ഫൈസലാബാദിൽ പാകിസ്ഥാനെതിരെയുള്ള രണ്ടാം ടെസ്റ്റിലെ പ്രകടനം അതൊന്നു കൂടി ഉറപ്പിച്ചു. ഷോയിബ് അക്തറിന്റെയും മൊഹമ്മദ് ആസിഫിന്റെയും തീപാറുന്ന പന്തുകളെ അനായാസം ബൗണ്ടറി കടത്തി ധോണി നേടിയ 148 റൺസ് ഇന്ത്യക്ക് ഒന്നാമിന്നിംഗ്സ് ലീഡ് നേടിക്കൊടുത്തു. പാകിസ്ഥാന്റെ പടുകൂറ്റൻ സ്കോറിനെ അതേ നാണയത്തിൽ തന്നെ നേരിടാൻ ഇന്ത്യക്കായതും ധോണിയുടെ ഇന്നിംഗ്സ് തന്നെ.

2007 ൽ ട്വന്റി 20 ലോകകപ്പിൽ ക്യാപ്ടനായി കപ്പുയർത്തിയതോടെ സൗരവ് ഗാംഗുലിക്ക് ശേഷം കരുത്തനായ ക്യാപ്ടനെ തേടിയുള്ള ഇന്ത്യൻ അന്വേഷണത്തിനു വിരാമമായി. ഏകദിനത്തിലും ടെസ്റ്റിലും ക്യാപ്ടൻ കൂളായി ധോണി പടനയിച്ചു. പിന്നെ 2011 ലെ ലോകകപ്പ് വിജയം, 2013 ലെ ചാമ്പ്യൻസ് ട്രോഫി വിജയം. മൂന്ന് ഐസിസി കിരീടങ്ങൾ ടീമിന് നേടിക്കൊടുത്ത ഒരേയൊരു ക്യാപ്ടനേ ക്രിക്കറ്റ് ചരിത്രത്തിലുള്ളൂ.

ടെസ്റ്റിൽ ഐസിസി റാങ്കിംഗിൽ ആദ്യമായി ഇന്ത്യ ഒന്നാമതെത്തിയതും ധോണിയുടെ നേതൃത്വത്തിലാണ്. വിദേശത്ത് എറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടിയ ഇന്ത്യൻ ക്യാപ്ടൻ, ബോർഡർക്കും പോണ്ടിംഗിനും ശേഷം 100 ഏകദിന വിജയങ്ങളിൽ ടീമിനെ നയിക്കാൻ കഴിഞ്ഞ മൂന്നാമത്തെ ക്യാപ്ടൻ, ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങളിൽ ടീമിന നയിച്ച ക്യാപ്ടൻ, എല്ലാ വിഭാഗങ്ങളിലുമായി ഏറ്റവും കൂടുതൽ സ്റ്റമ്പിംഗ് നടത്തിയ വിക്കറ്റ് കീപ്പർ. ധോണിയുടെ പേരിലുള്ള റെക്കോഡുകൾ അവസാനിക്കുന്നില്ല.

അടുത്ത സുഹൃത്തായ ലോക്കൽ ക്രിക്കറ്റ് താരം സന്തോഷ് ലാലിൽ നിന്ന് സ്വായത്തമാക്കിയ ഹെലികോപ്ടർ ഷോട്ടുകൾ ലോകത്തെ ഗ്യാലറികളിൽ എത്രയെത്ര ആർപ്പുവിളികളുയർത്തി. 2011 ലോകകപ്പിൽ നുവാൻ കുലശേഖരയുടെ പന്ത് ലോംഗോണിലേക്ക് പറന്നതും അതേ ക്രിക്കറ്റ് ഷോട്ടിലൂടെ തന്നെ. ദേശത്തോടുള്ള പ്രതിബദ്ധതയിലും അയാൾ ആർക്കും പിന്നിലല്ല. ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണലായത് സൈനിക യൂണിഫോം ഇഷ്ടപ്പെടുന്നത് കൊണ്ട് മാത്രമല്ല. മറിച്ച് രാഷ്ട്രമാണാദ്യമെന്ന് കരുതുന്ന ദേശഭക്തനായത് കൊണ്ട് കൂടിയാണ്.

കരുത്തോടെ തലയുയർത്തി നിൽക്കാൻ ഇന്ത്യൻ ടീമിനെ പഠിപ്പിച്ചത് സൗരവ് ഗാംഗുലി ആണെങ്കിൽ തല ഉയർത്തി നിന്ന് പ്രതിസന്ധികളിൽ പതറാതെ അവസാന പന്തു വരെ പോരാടാൻ ഇന്ത്യൻ ടീമിന് വഴി കാട്ടിയത് മഹേന്ദ്ര സിംഗ് ധോണിയാണെന്നതിൽ സംശയമില്ല. ലോകകപ്പ് അവസാന ഘട്ടത്തിലേക്കെത്തുമ്പോൾ കിരീട നേട്ടമല്ലാതെ മറ്റൊന്നും അയാൾ ലക്ഷ്യമിടുന്നുമില്ല. കോഹ്‌ലിക്കൊപ്പം തന്ത്രങ്ങളുമായി മൈതാനത്ത് നിറഞ്ഞു നിൽക്കുന്നതും ധോണി തന്നെയാണ്.

നന്ദി.. മഹേന്ദ്ര സിംഗ് ധോണി.. താങ്കളുടെ 38 വർഷങ്ങളിൽ പതിനഞ്ചെണ്ണം ഞങ്ങൾ കളി ഭ്രാന്തന്മാർക്ക് വേണ്ടി മാറ്റി വച്ചതിൽ …

പിറന്നാളാശംസകൾ..

433 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close