സത്യമപ്രിയം

യൂണിവേഴ്‌സിറ്റി കോളേജ് എന്ന ചെകുത്താന്‍ കോട്ട

ജി.കെ. സുരേഷ് ബാബു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് കാലാകാലങ്ങളായി അറിയപ്പെട്ടിരുന്നത് രാജകീയ കലാലയം എന്ന പേരിലാണ്. പക്ഷേ, ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ഇത് കലാലയമാണോ ചെകുത്താന്‍ കോട്ടയാണോ എന്ന സംശയമാണ് പൊതുജനങ്ങളില്‍ ഉയര്‍ത്തുന്നത് സര്‍ഗ്ഗപ്രതിഭയായ സ്വാതിതിരുന്നാള്‍ മഹാരാജാവിന്റെ മനോമുകുരത്തിലാണ് ഈ കലാലയം പിറന്നുവീണത്. സംസ്‌കാരത്തിനും കലയ്ക്കും വന്‍ മുതല്‍ക്കൂട്ടാകുമെന്ന സ്വപ്‌നത്തിലാണ് അദ്ദേഹം 1834 ല്‍ ഈ കോളേജിന്റെ പ്രാഗ് രൂപമായ സ്ഥാപനത്തിന് തുടക്കമിട്ടത്. നാഗര്‍കോവിലിലെ എല്‍ എം എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന റോബര്‍ട്ടിനെ സന്ദര്‍ശനവേളയില്‍ കണ്ടുമുട്ടിയ അദ്ദേഹം തിരുവനന്തപുരത്തും അതേപോലെ ഒരു സ്ഥാപനം വേണമെന്ന് ആഗ്രഹിക്കുകയും അദ്ദേഹത്തെ ഇവിടേക്ക് കൊണ്ടുവരികയുമായിരുന്നു.

ഒരു സ്വകാര്യ സ്ഥാപനമായാണ് തുടങ്ങിയതെങ്കിലും 80 വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസ് രാജകൊട്ടാരത്തില്‍ നിന്ന് അടച്ച് രാജാസ് ഫ്രീ സ്‌കൂള്‍ എന്ന പേരില്‍ സൗജന്യ വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റി. 1866 ല്‍ ആയില്യം തിരുനാളിന്റെ കാലമായപ്പോഴേക്കും ഇതിനെ കോളേജ് ആക്കി ഉയര്‍ത്തി. മദ്രാസ് സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തു. മഹാരാജാവ് കോളേജ് എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടത്. ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസം തിരുവിതാംകൂറില്‍ സാര്‍വത്രികമാക്കാനായിരുന്നു രാജാക്കന്മാരുടെ ലക്ഷ്യം. ജോണ്‍ റോസ്, റോബര്‍ട്ട് ഹാര്‍വി എന്നിവരടക്കം പല പ്രമുഖരെയും ഇവിടേക്ക് കൊണ്ടുവന്നു. വ്യാകരണ കുലപതി ഏ ആര്‍ രാജരാജവര്‍മ്മ തമ്പുരാനും ഇവിടെ അദ്ധ്യാപകനായിരുന്നു. സിവില്‍ സര്‍വ്വീസ് പരിശീലനവും ഇവിടെ നല്‍കിയിരുന്നു. കേരളത്തിലെ പ്രമുഖരായ പല ഐഎഎസ് – ഐപിഎസ് ഉദ്യോഗസ്ഥരും ഈ കലാലയത്തിന്റെ സൃഷ്ടികളായി വന്നു. 18 ബിരുദ വകുപ്പുകളും 20 ബിരുദാനന്തര ബിരുദ വകുപ്പുകളും 12 വിഭാഗങ്ങളില്‍ എം ഫില്‍ കോഴ്‌സുമുള്ള ഈ കലാലയത്തില്‍ ഇന്ന് മൂവായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. കേരള യൂണിവേഴ്‌സിറ്റിയുടെ അംഗീകൃത ഗവേഷണകേന്ദ്രമായ ഈ കലാലയത്തില്‍ 12 വിഭാഗങ്ങളുടെ പിഎച്ച് ഡി ഗവേഷണവും നടക്കുന്നുണ്ട്.

പക്ഷേ, ഒരു കലാലയത്തിനോ വിദ്യാഭ്യാസ സ്ഥാപനത്തിനോ നിരക്കാത്ത സംഭവങ്ങളാണ് ഇന്നു യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കുന്നത്. രാഷ്ട്രീയമായ ചേരിതിരിവുകളോ ന്യായാന്യായങ്ങളോ ഇവിടെ പരിശോധിക്കുന്നില്ല. അതേസമയം സാധാരണക്കാരില്‍ സാധാരണക്കാരുടെ കുടുംബങ്ങളില്‍ നിന്നുള്ള പാവപ്പെട്ടവര്‍ക്ക് വന്ന് പഠിക്കാനോ ജീവിക്കാനോ കഴിയാത്ത സാഹചര്യമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവിടെ സംജാതമായിരിക്കുന്നത്. കോളേജില്‍ എസ് എഫ് ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയില്‍പ്പെട്ടവര്‍ക്കു മാത്രമേ പ്രവേശനമുള്ളൂ. അദ്ധ്യാപകര്‍ക്കിടയിലും സിപിഎം ആഭിമുഖ്യമുള്ള യൂണിയനില്‍പ്പെട്ടവര്‍ക്കു മാത്രമേ പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ളൂ. അദ്ധ്യാപകരായാലും പ്രിന്‍സിപ്പളായാലും വിദ്യാര്‍ത്ഥിയായാലും ഈ സംഘടനകള്‍ പറയുന്നതനുസരിച്ച് അവര്‍ക്ക് അടിമകളായി അവരുടെ ഇഷ്ടത്തിനനുസരിച്ച് എന്തും ചെയ്യാന്‍ തയ്യാറുള്ളവര്‍ മാത്രം ഈ കലാലയത്തില്‍ വന്നാല്‍ മതിയെന്നാണ് ഇവര്‍ ശഠിക്കുന്നത്.

നേരത്തെ കോളേജില്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാന്‍ മറ്റു കോളേജുകളിലുള്ള ഇതര സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ വന്നാല്‍ അപേക്ഷാഫോം വാങ്ങി കീറിക്കളഞ്ഞ് അടിയും കൊടുത്ത് വിടുന്നതായിരുന്നു സ്ഥിരം പരിപാടി. ഇപ്പോള്‍ പ്രവേശനം ഓണ്‍ലൈനില്‍ ആയതോടെ ഈ അഭ്യാസത്തിന് മാറ്റം വന്നു. പക്ഷേ, പുനപ്രവേശനം അഥവാ റീ അഡ്മിഷന്‍ എന്ന പേരില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ പ്രവേശനം ലഭിച്ചിട്ടുള്ളത് എസ് എഫ് ഐ നേതാക്കള്‍ക്കും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഗുണ്ടകള്‍ക്കും മാത്രമാണ്. കാലാകാലങ്ങളില്‍ ഇവിടെ വന്ന ബഹുഭൂരിപക്ഷം പ്രിന്‍സിപ്പള്‍മാരും ഈ നാടകത്തിന് അരങ്ങൊരുക്കുകയോ അനങ്ങാതെ പ്രതികരിക്കാതെ അടിമ കിടക്കുകയോ ചെയ്തു. ഇത്തരം അനാശാസ്യങ്ങള്‍ക്കെതിരെ പ്രതികരിച്ച പ്രൊഫ. വര്‍ഗ്ഗീസിനെ കായികമായി കൈകാര്യം ചെയ്തു എന്നുമാത്രമല്ല, അദ്ദേഹത്തിന്റെ വീടിനു പോലും നാശനഷ്ടമുണ്ടാക്കി.

ഒരുകാലത്ത് കേരളത്തിലെ ഏത് വിദ്യാര്‍ത്ഥിയും പഠിക്കണമെന്ന് ആഗ്രഹിച്ച ഈ കലാലയത്തിലേക്ക് ഇന്ന് മാനാഭിമാനമുള്ള സ്വന്തം ശരീരം തന്റേതാണെന്നും അത് പരിശുദ്ധമായിരിക്കണമെന്നും കരുതുന്ന ആര്‍ക്കും പഠിക്കാന്‍ വരാന്‍ കഴിയില്ലെന്നും വ്യക്തമാക്കുന്നതാണ് ഈ അടുത്ത് എസ് എഫ് ഐക്കാരുടെ പീഡനത്തില്‍ പൊറുതിമുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ച പെണ്‍കുട്ടി ആത്മഹത്യാ കുറിപ്പില്‍ കോറിയിട്ടത്. രജനി എസ് ആനന്ദിന്റെ പേരില്‍ കേരളത്തെ സ്തംഭിപ്പിക്കും വിധം സമരം ചെയ്ത എസ് എഫ് ഐ എന്ന പ്രസ്ഥാനത്തിലെ ഒരു ഏഴാംകൂലി അംഗം പോലും ഈ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ആത്മഹത്യക്കു ശ്രമിച്ച പെണ്‍കുട്ടി എഴുതിയ കത്തിലെ ഓരോ വാക്കുകളും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ ടി ജലീലിന്റെയും മാത്രമല്ല, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും കരണത്തുള്ള അടിയാണ്.

ക്ലാസ്സില്‍ പഠിക്കാന്‍ കഴിയുന്നില്ല. എസ് എഫ് ഐക്കാര്‍ നിര്‍ബ്ബന്ധിച്ച് സമരങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും കൊണ്ടുപോവുകയാണ്. ക്ലാസ്സുകള്‍ നടക്കുന്നില്ല. വിദ്യാഭ്യാസവും അതിലൂടെ ജോലിയും സ്വപ്‌നം കാണുന്ന സാധാരണക്കാരില്‍ സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയുടെ കണ്ണീരിന്റെ പുഴയാണ് ഈ ആത്മഹത്യാ കുറിപ്പ്. ആര്‍ത്തവസമയത്തുപോലും ശാരീരികമായി വയ്യ എന്ന് പറഞ്ഞിട്ടുപോലും വലിച്ചിറക്കി സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രകടനത്തിന് കൊണ്ടുപോയ ഈ ആധുനിക കൗരവര്‍ ദുശ്ശാസനനെയാണ് ഓര്‍മ്മിപ്പിക്കുന്നത്. രജസ്വലയും ഏകവസ്ത്രധാരിണിയുമായ പാഞ്ചാലിയെ രാജസദസ്സിലേക്ക് വലിച്ചിഴക്കാനും വിവസ്ത്രയാക്കാനും ശ്രമിച്ച ദുശ്ശാസനന്റെ അതേ പ്രകടനമാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ സഖാക്കള്‍ കാഴ്ച വച്ചതെന്ന് ആത്മഹത്യാ കുറിപ്പ് വ്യക്തമാക്കുന്നു.

ഇത് കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തോടും സംസ്ഥാന ഭരണകൂടത്തോടുമുള്ള ചോദ്യമാണ്. ഇതാണോ നിങ്ങള്‍ ഉദ്ദേശിക്കുന്ന നവോത്ഥാനം? ഇതാണോ നിങ്ങള്‍ പറയുന്ന മാതൃകാഭരണം? ഇതാണോ നിങ്ങള്‍ പറഞ്ഞ എല്ലാം ശരിയാക്കല്‍? പാവപ്പെട്ടവരില്‍ പാവപ്പെട്ട, കാഴ്ചവൈകല്യമുള്ള ഒരു പെണ്‍കുട്ടിയുടെ ഭാവി ഇരുളടയുന്ന ജീവിത ദുരന്തമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ കണ്ടത്. അദ്ധ്യാപകരോട് പരാതി പറഞ്ഞു. പ്രിന്‍സിപ്പളിന് പരാതി എഴുതി നല്‍കി. പരിഹാരമുണ്ടായില്ല. ആരും അന്വേഷിച്ചില്ല. അവളുടെ ദു:ഖം ആരും കണ്ടില്ല, കേട്ടില്ല. പ്രിന്‍സിപ്പളിന്റെ കസേരയില്‍ ഇതിനേക്കാള്‍ ഭേദം ഒരു തെരുവുനായയെ കൊണ്ടിരുത്തുകയായിരുന്നു. ആരെ കണ്ടാലും കുരയ്ക്കുന്ന ഒരു തെരുവുനായ നല്‍കുന്ന സുരക്ഷിതത്വം പോലും താന്‍ പഠിപ്പിക്കുന്ന, താന്‍ നയിക്കുന്ന കലാലയത്തിലെ ഒരു പാവപ്പെട്ട വിദ്യാര്‍ത്ഥിനിക്ക് നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ബഹുമാനപ്പെട്ട പ്രിന്‍സിപ്പള്‍ അങ്ങ് കലാലയത്തിന് മാത്രമല്ല, ഈ സമൂഹത്തിനു തന്നെ ഒരു ബാധ്യതയാണ്.

എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി നല്‍കുന്ന എച്ചില്‍ കഷണമല്ല അങ്ങേക്കും അച്ചിക്കും മക്കള്‍ക്കും ഉണ്ണാനും ഉടുക്കാനും കിട്ടുന്ന ശമ്പളം. അത് ഈ നാട്ടിലെ പാവപ്പെട്ടവരുടെ നികുതിപ്പണത്തില്‍ നിന്ന് കിട്ടുന്നതാണ്. അതുകൊണ്ട് മൃഷ്ടാനം ഉണ്ട് ഏമ്പക്കം വിട്ട് നടക്കുമ്പോള്‍ ഈ പാവപ്പെട്ടവരുടെ താല്പര്യം കൂടി സംരക്ഷിക്കാന്‍ അങ്ങേക്ക് ബാധ്യതയുണ്ട്. ഗുരോ എന്ന് വിളിച്ച നാവുകൊണ്ട് പുലഭ്യം പറയാന്‍ താല്പര്യമില്ലാത്തതുകൊണ്ട് ഒരു കാര്യം മാത്രം പറയട്ടെ. ഈയൊരു കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം താങ്കള്‍ കാട്ടിയ കൃത്യവിലോപത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രിന്‍സിപ്പള്‍ പണി രാജിവച്ച് ഇറങ്ങണം. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി ഓഫീസിനു മുന്നില്‍ തോര്‍ത്ത് വിരിച്ച് ഭിക്ഷയ്ക്ക് ഇരിക്കുന്നതാണ് ഏ ആര്‍ അടക്കമുള്ള പ്രതിഭകള്‍ ഇരുന്ന ആ കസേരയെ അപമാനിക്കുന്നതിനേക്കാള്‍ ഉചിതം.

യൂണിവേഴ്‌സിറ്റി കോളേജില്‍ അടുത്തിടെ എത്രയെത്ര സംഭവങ്ങളാണ് അരങ്ങേറിയത്. സൂര്യഗായത്രി എന്ന പെണ്‍കുട്ടിയെ സദാചാര പോലീസ് ചമഞ്ഞ് ആക്രമിച്ചതും അപമാനിച്ചതും തേഞ്ഞുമാഞ്ഞ് പോയി. കഴിഞ്ഞ വര്‍ഷമാണ് ഭാഗികമായി അന്ധതയുള്ള ഒരു വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണിന്റെ കവര്‍ കാവിയാണെന്നു പറഞ്ഞ് തല്ലിച്ചതച്ചത്. ഹോസ്റ്റലിലും മൃഗീയ പീഡനമാണ് അരങ്ങേറിയത്. കോളേജില്‍ പഠിക്കാനാവാത്ത സ്ഥിതിയെക്കുറിച്ച് പ്രധാനമന്ത്രിക്ക് നേരിട്ട് കത്തയച്ച നവീന്‍ എന്ന വിദ്യാര്‍ത്ഥി ജീവനും കൊണ്ട് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് പോവുകയായിരുന്നു. പ്രധാനമന്ത്രിക്ക് അയച്ച കത്ത് ചീഫ് സെക്രട്ടറിക്ക് നടപടിക്കായി അയച്ചു. അദ്ദേഹം ഡി ജി പിക്ക് കൈമാറി. കാന്റോണ്‍മെന്റ് അസി. കമ്മീഷണറുടെ കൈവശം എത്തിയ കത്ത് എങ്ങനെയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐക്കാരുടെ കൈകളില്‍ എത്തിയതെന്നും ആ വിദ്യാര്‍ത്ഥി മര്‍ദ്ദിക്കപ്പെട്ടതെന്നും എല്ലാവര്‍ക്കും അറിയാം.

ഇവിടെയാണ് പോലീസും എസ് എഫ് ഐയും പാര്‍ട്ടിയും തമ്മിലുള്ള അവിഹിതബന്ധം പുറത്തു വരുന്നത്. ട്രാഫിക് പോലീസുകാരനെ മര്‍ദ്ദിച്ച എസ് എഫ് ഐ നേതാവിനെ രക്ഷിക്കാന്‍ പോലീസും പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ നാടകം പൊളിച്ചത് ജനം ടി വി അടക്കമുള്ള മാദ്ധ്യമങ്ങളാണ്. മറ്റ് സംഘടനകള്‍ക്കൊന്നും തന്നെ ഈ കോളേജില്‍ പ്രവേശനമില്ല. ഇത് പറഞ്ഞത് എബിവിപിയോ കെഎസ് യുവോ അല്ല. ഇടതുമുന്നണിയിലെ സഖാക്കളായ എഐഎസ്എഫുകാര്‍ തന്നെയാണ്.

ഇന്ന് യൂണിവേഴ്‌സിറ്റി കോളേജ് പൂര്‍ണ്ണമായും ചെകുത്താന്‍ കോട്ടയാണ്. കോളേജ് ഹോസ്റ്റലും പരിസരവും ആയുധപ്പുരയാണ്. മദ്യവും മയക്കുമരുന്നും കഞ്ചാവും അവിടെ സുലഭമാണ്. ഇരുള്‍ വീണാല്‍ അസന്മാര്‍ഗ്ഗികളുടെ വിഹാരഭൂമിയായി കോളേജ് കാമ്പസ് മാറുന്നു. ഇവിടെ പോലീസ് വരാറില്ല. മറ്റ് സംഘടനക്കാര്‍ വരാറില്ല. കൊള്ളയും പിടിച്ചുപറയും പീഡനവും ഒക്കെ അരങ്ങേറുന്ന എല്ലാ തരം സാമൂഹ്യ വിരുദ്ധ പ്രവൃത്തികളുടെയും കേന്ദ്രം മാത്രമായി സ്വാതി തിരുനാളിന്റെ മാനസിക കല്പനയായ ഈ കലാലയം മാറിയിരിക്കുന്നു. ജനാധിപത്യം എന്ന സംഭവം ഇന്ന് ഇവിടെയില്ല. ചെക്കോസ്ലോവാക്യയിലോ ലിബിയയിലോ ഒക്കെ നടന്ന പോലെ ഒരു ഏകകക്ഷി ധ്രുവീകരണമാണ് ഇവിടെയുള്ളത്. അതാകട്ടെ, ഭീഷണിയും സമ്മര്‍ദ്ദവും ആയുധവും ഉപയോഗിച്ച് നടപ്പാക്കുന്നതാണ്.

പാര്‍ട്ടി അനുഭാവികളായ കുടുംബത്തില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി എസ് എഫ് ഐക്ക് എതിരെ ഉയര്‍ത്തിയ ഈ ആരോപണത്തെ പക്ഷേ, ചെറുതായി കാണരുത്. ആരോപണങ്ങള്‍ അവിടെ നിരവധിയാണ്. പഠിക്കാന്‍ കഴിയുന്നില്ല എന്നതു മുതല്‍ മയക്കു മരുന്നും അസന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളും അരങ്ങേറുന്നു എന്ന പരാതി ഗൗരവമായി തന്നെ കാണണം. ചിറ്റപ്പന്റെ മകന് അപേക്ഷയില്ലാതെ ജോലി നല്‍കുകയും ഉറ്റ സുഹൃത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തു കൊടുത്തുവെന്ന് ആരോപണവിധേയനാവുകയും ചെയ്ത മന്ത്രി കെ ടി ജലീലിന് ഈ പാവം പെണ്‍കുട്ടിയുടെ പരാതി അന്വേഷിക്കാനോ നടപടിയെടുക്കാനോ ഒരുപക്ഷേ, സമയം കിട്ടിയെന്ന് വരില്ല. പക്ഷേ, ഇത് യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുന്ന, പഠിക്കാന്‍ ആഗ്രഹിക്കുന്ന നൂറുകണക്കിന് കുട്ടികളുടെ പ്രശ്‌നമാണ്.

ഈ പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് ഒരു പൊതുതാല്പര്യ ഹര്‍ജിയായി പരിഗണിക്കാനുള്ള ആര്‍ജ്ജവം ബഹുമാനപ്പെട്ട നീതിപീഠങ്ങളില്‍ നിന്ന് ഉണ്ടാകണം. യുവജന കമ്മീഷനും വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും അടക്കമുള്ള സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെയും സര്‍ക്കാരിന്റെ രാഷ്ട്രീയത്തെയും പിന്തുണയ്ക്കുന്നവര്‍ എത്തിയതോടെ വിശ്വാസ്യത തന്നെ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തെങ്കിലും ഒരു മാസം സമയം അനുവദിച്ചത് എന്തിനെന്ന ചോദ്യം ഇവിടെയാണ് പ്രസക്തമാകുന്നത്.

കേരളത്തിലെ സി പി എമ്മും എസ് എഫ് ഐയും പശ്ചിമബംഗാളിലെയും ത്രിപുരയിലെയും രാഷ്ട്രീയ സാഹചര്യത്തിലേക്ക് അതിവേഗം നീങ്ങുന്നു എന്നതിന്റെ സൂചനയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ ഈ സംഭവ വികാസങ്ങള്‍ രാഷ്ട്രീയം മാന്യതയുടെയും കുലീനത്വത്തിന്റെയും പ്രതീകമാണ്. ഗുണ്ടാ പ്രവര്‍ത്തനത്തിനും മയക്കുമരുന്ന് കച്ചവടത്തിനുമുള്ള ഇടത്താവളമല്ല. യൂണിവേഴ്‌സിറ്റി കോളേജിനെ രാഷ്ട്രീയത്തിന്റെ പേരിലുള്ള ഈ കാട്ടാളത്തത്തില്‍ നിന്ന് മോചിപ്പിച്ചേ മതിയാകൂ. അതിനുള്ള മുന്‍കൈ എടുക്കാന്‍ ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കഴിയണം.

പഠിക്കാന്‍ കഴിയുന്നില്ലെന്നും ശാരീരികമായി പീഡിപ്പിക്കുന്നു എന്നുമുള്ള ഒരു പെണ്‍കുട്ടിയുടെ പരാതി കിട്ടിയിട്ടും കണ്ടില്ലെന്ന് നടിച്ച അദ്ധ്യാപകരും പ്രിന്‍സിപ്പളും എസ് എഫ് ഐയുടെ അടിയാളരായി നടക്കുന്നതിന് പകരം പാളയം ചന്തയില്‍ ഇറച്ചി വെട്ടാന്‍ പോകുന്നതാണ് നല്ലത്. അവരുടെ ആത്മാര്‍ത്ഥതയെങ്കിലും സ്വന്തം തൊഴിലിനോട് കാണിക്കാന്‍ ഈ അദ്ധ്യാപകര്‍ക്ക് കഴിയണ്ടേ. കോളേജിന്റെ മരാമത്തും പെയ്ന്റിംഗും അടക്കം എസ് എഫ് ഐക്കാര്‍ക്ക് വിട്ടുകൊടുത്ത് അവരുടെ പിണിയാളുകളായി കഴിയുന്ന അദ്ധ്യാപകരുടെയും പ്രിന്‍സിപ്പളിന്റെയും ജന്മം അഭിശപ്തമാണ്.

ഒ എന്‍ വിയും പ്രൊഫ. എസ് ഗുപ്തന്‍ നായരും എം കൃഷ്ണന്‍ നായരും വിഷ്ണുനാരായണന്‍ നമ്പൂതിരിയും ഒക്കെ കഠിനാദ്ധ്വാനം കൊണ്ട് നേടിയെടുത്ത പാരമ്പര്യത്തില്‍ കരി പുരട്ടരുത്. സ്വന്തം പണി ആത്മാര്‍ത്ഥമായി ചെയ്യാന്‍ കഴിയാത്തവര്‍ വെച്ചൊഴിയുകയാണ് ചെയ്യേണ്ടത്.

643 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close