പട്ടാമ്പി: പാലക്കാട് തൃത്താല മേഖലയില്‍ ഒരു സ്കൂളിലെ 59 ഓളം വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയതായി പരാതി. സ്കൂളിനു സമീപത്തെ കടക്കാരനെതിരെയാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് കക്കാട്ടിരി സ്വദേശി പുലേരി വളപ്പില്‍ കൃഷ്ണനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
ഈ മാസം 11നാണ് ഒരു വിദ്യാര്‍ത്ഥിനി തനിക്കുണ്ടായ അനുഭവം അധ്യാപികയെ അറിയിച്ചത്. തുടര്‍ന്ന് സ്കൂളധികൃതര്‍ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്കൂളിലെത്തി വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് 59 വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവം പുറത്തറിയുന്നത്.
കുട്ടികള്‍ മിഠായി മേടിക്കാന്‍ കടയിലേക്കെത്തുമ്പോഴാണ് ഇയാള്‍ വിദ്യാര്‍ത്ഥികളെ ഇത്തരത്തില്‍ ചൂഷണം ചെയ്തത്. വിദ്യാര്‍ത്ഥികളുടെ രഹസ്യ ഭാഗങ്ങള്‍ സ്പര്‍ശിക്കുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്യാറുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചൂഷണത്തിരയായ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗും തുടര്‍ന്ന് രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസും നല്കി. ചൂഷണം നടന്നതായി 11 കുട്ടികള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. അഞ്ച്,ആറ്,ഏഴ് ക്ലാസിലെ പെണ്‍കുട്ടികളാണ് അതിക്രമത്തിന് ഇരയായതെന്ന് പ്രധാനാദ്ധ്യാപിക പറഞ്ഞു.
എന്നാല്‍ പ്രതിയെ തേടി പോലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചു.