കോഴിക്കോട്: മുക്കം ഓമശേരിയില്‍ ജ്വല്ലറിയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച. ‘ശാദി ഗോള്‍ഡ്’ ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയെതെന്നാണ് വിവരം. കവര്‍ച്ചാ സംഘത്തിലുണ്ടായിരുന്ന ഒരാളെ ജ്വല്ലറി ജീവനക്കാര്‍ പിടികൂടി. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
നാല് ഇതര സംസ്ഥാനക്കാരാണ് രാത്രി ഏഴരയോടെ കവര്‍ച്ചക്കായി ജ്വല്ലറിയില്‍ എത്തിയത്. കട അടക്കാന്‍ തുടങ്ങുന്നതിന്റെ തൊട്ടു മുന്‍പാണ് സംഘം എത്തിയത്. തോക്കു ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ആഭരണങ്ങള്‍ കവര്‍ന്നത്. തുടര്‍ന്ന് സംഘത്തിലെ ഒരാളെ ജീവനക്കാര്‍ തന്നെ കീഴ്പ്പെടുത്തി. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടതായി ജീവനക്കാര്‍ പറഞ്ഞു. മോഷ്ടാവിനെ കീഴ്പ്പെടുത്തുന്നതിനിടെ ജീവനക്കാരായ ഷാജി, മനു എന്നിവര്‍ക്ക് പരിക്കേറ്റു.
15 ഓളം വളകള്‍ മോഷ്ടിക്കപ്പെട്ടതായാണ് പ്രാഥമിക വിവരം. സംഭവത്തേ തുടര്‍ന്ന് കൊടുവള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ ഒരു തോക്കും മൊബൈല്‍ ഫോണും കത്തിയും കണ്ടെത്തി.