തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ അക്രമത്തിലും , പൊലീസുകാരനെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതികളായ എസ് എഫ് ഐ നേതാക്കള്‍ക്ക് പോലീസ് സെലക്ഷന് ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബു പറയുന്നു.
സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷ റദ്ദ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി കോളേജിലെ അക്രമത്തിലെ മുഴുവന്‍ പ്രതികള്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് നാളെ കോളേജിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തും .
തിരുവനന്തപുരം നഗരത്തില്‍ പാളയത്തെ സ്മൃതി മണ്ഡപത്തിനു സമീപത്തു വെച്ചായിരുന്നു ട്രാഫിക് പോലീസുകാരനെ എസ് എഫ് ഐ നേതാവ് നസീം ആക്രമിച്ചത് . നിരവധി ക്രിമിനല്‍ കേസുകളിലും ഇയാള്‍ പ്രതിയാണ്. ഇയാളാണ് ഇരുപത്തി എട്ടാം റാങ്കുകാരനായി പോലീസ് പട്ടികയില്‍ ഇടം പിടിച്ചത് .
അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതിയും , റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്ക് കാരനുമായ ശിവ രഞ്ജിത്ത് കാസര്‍ഗോഡ് ജില്ലയിലാണ് അപേക്ഷ നല്‍കിയതെങ്കിലും തിരുവനതപുരത്ത് പരീക്ഷ എഴുതിയത് ദുരൂഹമാണെന്ന് പ്രകാശ് ബാബു ആരോപിക്കുന്നു .
പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയതടക്കം നിരവധി പരാതികള്‍ നേരത്തെ ഉയര്‍ന്നു വന്നിരുന്നു . കായിക ക്ഷമതാ പരീക്ഷയില്‍ അര്‍ഹരായ പലരെയും ഒഴിവാക്കിയെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരോപണം ഉയര്‍ത്തിയിരുന്നു .