കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയ്ക്ക് കരുത്തേകാന്‍ ഇനി സെനഗല്‍ താരം മുഹമ്മദ് മുസ്തഫ നിങ്ങും. ഇതോടെ ഐ.എസ്.എല്‍ ആറാം സീസണിലേക്ക് ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി കളിക്കുന്ന വിദേശതാരങ്ങളുടെ എണ്ണം അഞ്ചായി. മുപ്പതുകാരനായ മുഹമ്മദ് മുസ്തഫ നിങ് വരുന്ന ഐ.എസ്.എല്‍ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായി കളിക്കും.
184 സെന്റിമീറ്റര്‍ ഉയരക്കാരനായ മുസ്തഫ എസ്.ഡി ഇജിയാ, ലെയ്ഡ എസ്‌പോര്‍ട്ടിയു, സി.ഡി എബ്രോ, എസ്.ഡി അമോറെബീറ്റ, സിഡി സരിനേന, അന്‍ഡോറ സി.എഫ് തുടങ്ങിയ ക്ലബ്ബുകള്‍ക്ക് കളിച്ചിട്ടുണ്ട്. സെര്‍ജിയോ സിഡോന്‍ഷ, ജിയാനി സ്യൂവര്‍ലൂണ്‍, മാരിയോ ആര്‍ക്വസ്, ബര്‍ത്തലോമിയോ ഓഗ്ബച്ചെ എന്നിവരാണ് പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സിലെത്തിയ മറ്റു വിദേശതാരങ്ങള്‍.
മധ്യനിരയില്‍ കരുത്തുറ്റ സാന്നിധ്യമായ മുസ്തഫയെപ്പോലൊരു താരത്തെ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ എല്‍കോ ഷാട്ടോരി പറഞ്ഞു. പരസ്പരം സഹകരണത്തോടെ ടീമിനെ മുന്നോട്ടു കൊണ്ടു പോകാന്‍ പരിശ്രമിക്കുന്ന മുസ്തഫയെ പോലുള്ള കളിക്കാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിലെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായതില്‍ അതിയായ സന്തോഷമുണ്ടെന്നും ടീമിനായി കളിക്കാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും മുസ്തഫ നിങ്ങും പ്രതികരിച്ചു. ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ചും കേരളത്തെക്കുറിച്ചും കൂടുതല്‍ അറിയാനും ഈ അവസരത്തെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.















