ന്യൂഡല്‍ഹി: രാജ്യത്തിനായി പോരാടാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ മൊബൈല്‍ ഗെയിം വരുന്നു. കഴിഞ്ഞ ശനിയാഴ്ച മൊബൈല്‍ ഗെയിമിന്റെ 1 മിനിറ്റ് 41 സെക്കറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ പുറത്തുവിട്ടിരുന്നു.
ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനം വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനോട് സാമ്യമുള്ള പോരാളിയാണ് ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ പോര്‍വിമാനം പാകിസ്ഥാന്‍ വെടിവച്ചിടുകയും അകപ്പെടുകയും പിന്നീട് മോചിപ്പിക്കപ്പെടുകയും ചെയ്ത അഭിനന്ദനാണ് നായകന്‍.
ഇന്ത്യന്‍ എയര്‍ഫോഴ്‌സ്: എ കട്ട് എബോ എന്നാണ് ഗെയിമിന്റെ പേര്. ജൂലൈ 31ന് ഗെയിം ലഭ്യമാകുമെന്ന് ടീസര്‍ ട്വീറ്റ് ചെയ്ത് വ്യോമസേന പറഞ്ഞു. ആകാശപോരിനായുള്ള വിവിധ പോര്‍വിമാനങ്ങള്‍ ടീസറില്‍ കാണിക്കുന്നുണ്ട്.
ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഗെയിം ലഭ്യമാകും. ഫ്ലൈറ്റ് സിമുലേറ്റര്‍ ഗെയിമാണ് ഇറക്കിയിരിക്കുന്നത്. നിലവില്‍ സിംഗിള്‍ പ്ലെയര്‍ പതിപ്പാണ് ഇറങ്ങുന്നതെങ്കിലും ഗെയിമിന്റെ മള്‍ട്ടിപ്ലെയര്‍ പതിപ്പ് ഉടന്‍ എത്തുമെന്ന് വ്യോമസേന അറിയിച്ചു.















