Defence

ടൈഗർ ഹില്ലിലെ പോരാട്ടം

ഇരു രാജ്യങ്ങളും ആണവായുധങ്ങള്‍ വികസിപ്പിച്ച ശേഷമുണ്ടായ ആദ്യ യുദ്ധമായിരുന്നു കാര്‍ഗിലിലേത്. ടൈഗര്‍ ഹില്‍ ആയിരുന്നു കാര്‍ഗില്‍ യുദ്ധത്തിലെ ഏറ്റവും മര്‍മ്മ പ്രധാനമായ ഭാഗം. കരസേന നടത്തിയ ‘ഓപ്പറേഷന്‍ വിജയ്’യുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമായിരുന്നു ടൈഗര്‍ ഹില്ലിന്റെ നിയന്ത്രണം. കാരണം ഇതുവഴി ദേശീയപാത 1 എ ആക്രമിക്കപ്പെടാനുള്ള സാധ്യത ഏറെയായിരുന്നു. ഇന്ത്യയുടെ പല നിര്‍ണ്ണായക നീക്കങ്ങളും ദേശീയപാത 1 എയിലൂടെയാണ് നടന്നിരുന്നത്.

കാര്‍ഗില്‍ യുദ്ധത്തിലെ വഴിത്തിരിവുകളായ രണ്ട് സംഭവങ്ങളാണ് ടോലോലിങ്ങ് ഹില്‍ തിരിച്ചു പിടിച്ചതും അതുവഴി സുപ്രധാനമായ ടൈഗര്‍ ഹില്ലിന്റെ നിയന്ത്രണം കൈവശപ്പെടുത്തിയതും. കനത്ത പോരാട്ടത്തിനൊടുവിലാണ് ഇന്ത്യക്ക് ടൈഗര്‍ ഹില്‍ തിരിച്ചു പിടിക്കാനായത്. ടൈഗര്‍ ഹില്ലില്‍ മാത്രം 250 പീരങ്കികളാണ് ഇന്ത്യ സജ്ജമാക്കിയിരുന്നത്. ഇതില്‍ ബോഫോഴ്‌സ് ഹൊവിറ്റ്‌സര്‍ ഇന്ത്യയുടെ വജ്രായുധമായിരുന്നു. എന്നാല്‍ മലനിരകളായതിനാല്‍ പലപ്പോഴും പീരങ്കികള്‍ വിന്യസിക്കുന്നതില്‍ ഇന്ത്യന്‍ സേനക്ക് പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു. ഇതു മറികടക്കാന്‍ വ്യോമസേനയുടെ പോര്‍ വിമാനങ്ങള്‍ ഉപയോഗിച്ചിരുന്നെങ്കിലും ഉയര്‍ന്ന യുദ്ധമണ്ഡലം അവിടേയും വെല്ലുവിളിയായി. വ്യോമസേനയുടെ ഈ ഓപ്പറേഷനായിരുന്നു ‘സഫേദ് സാഗര്‍’. പോരാട്ടത്തില്‍ വ്യോമസേന വര്‍ഷിച്ച ലേസര്‍ ലക്ഷ്യ ബോംബുകളെ ചെറുക്കാന്‍ പാകിസ്ഥാന് കഴിഞ്ഞില്ല. ഇത് യുദ്ധത്തില്‍ വലിയ വഴിത്തിരിവാണുണ്ടാക്കിയത്.

1999 ജൂലൈ 3ന് പീരങ്കി ആക്രമണത്തോടെയാണ് ടൈഗര്‍ ഹില്ലിലെ യുദ്ധം ആരംഭിച്ചത്. 18000 അടി ഉയരത്തില്‍ വരെ പോരാട്ടം നടന്നു. പകല്‍ സമയങ്ങളില്‍ ടൈഗര്‍ ഹില്ലില്‍ പോരാട്ടം നടത്തുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ ഇന്ത്യന്‍ സൈന്യം രാത്രികാലങ്ങളാണ് കൂടുതലായി ആക്രമണത്തിന് തെരഞ്ഞെടുത്തത്. 8-ാം സിഖ് റെജിമെന്റാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയിരുന്നത്. ഏതെങ്കിലുമൊരു പ്രത്യേക മേഖല മാത്രം കേന്ദ്രീകരിക്കാതെയുള്ള ആക്രമണമാണ് ഇന്ത്യന്‍ സൈന്യം ടൈഗര്‍ ഹില്ലില്‍ നടത്തിയത്.
പുലര്‍ച്ചെ 4.30 ഓടെ സൈനികരില്‍ കുറച്ചു പേര്‍ ടൈഗര്‍ ഹില്ലിലെത്തി. ഗ്രനേഡിയര്‍ യോഗേന്ദ്ര സിങ് യാദവ് കയറുപയോഗിച്ച് മല കയറിയാണ് പാകിസ്ഥാന്റെ ആദ്യപോസ്റ്റുകള്‍ നിര്‍വീര്യമാക്കിയത്. അദ്ദേഹത്തിന് പിന്നീട് പരംവീര ചക്ര ലഭിച്ചു. പോരാട്ടത്തിനിടെ യാദവിനും സാരമായ പരിക്കേറ്റിരുന്നു. പാകിസ്താന്‍ പടയാളികള്‍ വെസ്‌റ്റേണ്‍ സ്പര്‍ എന്ന് വിളിച്ചിരുന്ന ഭാഗത്തേക്ക് പിന്‍വലിയുകയും അവിടെ നിന്ന് വെടിയുതിര്‍ത്ത് കൊണ്ടിരിക്കുകയും ചെയ്തു.

ഈ ഭാഗം 8-ാം സിഖ് യൂണിറ്റ് അടുത്ത ദിവസം കീഴ്‌പ്പെടുത്തി. എന്നാല്‍ പത്ത് ദിവസത്തിനു ശേഷം ശക്തമായ ഒരു പ്രത്യാക്രമണം പാകിസ്താന്റെ ഭാഗത്തു നിന്നും ഉണ്ടായി. അവര്‍ ജൂലൈ 15ഓടെ ഇന്ത്യാ ഗേറ്റ് എന്നും ഹെല്‍മെറ്റ് എന്നും വിശേഷിപ്പിച്ചിരുന്ന ഭാഗങ്ങള്‍ കൈവശപ്പെടുത്തി. ഇതിനകം ദേശീയ പാത 1 എയുടെ നിയന്ത്രണം ലഭിച്ച ഇന്ത്യന്‍ സൈന്യം, സൈനികരെ നിയന്ത്രണരേഖയിലേക്ക് അയച്ചു. അവര്‍ പാക് അധീന കാശ്മീരിലേക്ക് കടക്കാതിരിക്കാന്‍ ഇന്ത്യന്‍ സൈന്യം പ്രത്യേക ശ്രദ്ധ വച്ചിരുന്നു.

1999 മെയ് രണ്ടാം വാരത്തിലാണ് 18-ാം ഗ്രനേഡിയര്‍ ഡിവിഷനും 8-ാം സിഖ് ഡിവിഷനേയും ടൈഗര്‍ ഹില്‍ തിരിച്ചു പിടിക്കാനുള്ള ദൗത്യം ഏല്‍പ്പിക്കുന്നത്. 8-ാം സിഖ് ഡിവിഷന്‍ ടൈഗര്‍ ഹില്ലിനെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചാണ് ശത്രുക്കളെ നേരിട്ടത്. ഇത് 18-ാം ഗ്രനേഡിയര്‍ ഡിവിഷനു സഹായകമായി. ലെഫ്.ബല്‍വന്ത് സിംഗാണ് 18-ാം ഗ്രനേഡിയറിന് നേതൃത്വം നല്‍കിയത്. ഉത്തരമേഖലയിലേയും ദക്ഷിണ മേഖലയിലേയും ശത്രുനീക്കങ്ങള്‍ 8-ാം സിഖ് ഡിവിഷന്‍ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു. ഇവരോടൊപ്പം ഉയര്‍ന്ന പ്രദേശങ്ങളില്‍ യുദ്ധം ചെയ്യാന്‍ പ്രത്യേക പരിശീലനം ലഭിച്ച സൈന്യത്തേയും വിന്യസിച്ചിരുന്നു. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 17,410 അടി ഉയരത്തിലുള്ള മലനിരയായ ടൈഗര്‍ ഹില്‍ തിരിച്ചു പിടിച്ചതോടെയാണ് ഇന്ത്യന്‍ സൈന്യത്തിന് യുദ്ധത്തില്‍ മാനസികമായ മുന്‍തൂക്കം ലഭിച്ചത്.

108 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close