ബംഗളൂരു: കൊല്ലൂര്‍ മൂകാംബികാദേവി ദര്‍ശനം നടത്തി ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. നാടിന്റെ സമാധാനത്തിനും ഐശ്വര്യത്തിനും വേണ്ടി സര്‍വൈശ്വര്യപൂജ നടത്താനാണ് ഭാര്യസമേതം വിക്രമസിംഗെ മൂകാംബികാദേവീക്ഷേത്രത്തില് എത്തിയത്.
ദേവിസന്നിധിയില്‍ രണ്ടുമണിക്കൂറോളം ചെലവഴിച്ച അദ്ദേഹം നവചണ്ഡികായാഗം, കുടുംബപൂജ എന്നിവ നടത്തി. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന് വി. കൃഷ്ണമൂര്‍ത്തി ഒപ്പമുണ്ടായിരുന്നു.
ശ്രീലങ്കയില്‍ നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലായിരുന്നു ക്ഷേത്രദര്‍ശനം. ഹെലികോപ്റ്ററില്‍ വരാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും കനത്തമഴയും മൂടല്‍ മഞ്ഞും കാരണം അതുപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്തില്‍ ബംഗളൂരുവില്‍ എത്തി അവിടെനിന്ന് റോഡുമാര്‍ഗം 1.30-ഓടെ കൊല്ലൂരിലെത്തിയത്. അതിഥി മന്ദിരത്തിലെ വിശ്രമത്തിനു ശേഷം 11.15 ന് ക്ഷേത്രത്തിലെത്തി. പ്രധാന പൂജാരിമാരായ നരസിംഹ അഡിഗ, ശ്രീധര അഡിഗ, ഗോവിന്ദ അഡിഗ എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ണകുംഭം നല്കി സ്വീകരിച്ചു.
ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ ദര്‍ശനത്തെ തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രാവിലെ 9.30 മുതല്‍ ഭക്തരെ കടത്തിവിട്ടില്ല. ക്ഷേത്രപരിസരത്തെ കടകള്‍ അടപ്പിച്ചു. ബംഗളൂരു മുതല്‍ കൊല്ലൂര്‍ വരെയുള്ള റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വനമേഖലയില്‍ വന്‍ പോലീസ് സന്നാഹത്തെ നിയോഗിച്ചിരുന്നു. ഹോട്ടലുകളില്‍ മുറിയെടുത്ത ഭക്തര്‍ക്ക് വിക്രമസിംഗെ തിരിച്ചുപോകുന്നതുവരെ പുറത്തിറങ്ങാന്‍ അനുമതി നല്‍കിയില്ല.
മൂകാംബികദേവി ദര്‍ശനം കഴിഞ്ഞു വെള്ളിയാഴ്ച വൈകിട്ടോടെ വിക്രമസിംഗെയും ഭാര്യയും കാസര്‍കോട്ടെത്തി. ശനിയാഴ്ച രാവിലെ ബേള കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ സര്പ്പബലിയിലും അലങ്കാരപൂജയിലും പങ്കെടുക്കും. തുടര്‍ന്ന് പത്തരയോടെ ബംഗളൂരുവിലേക്ക് പോകും. അവിടെ നിന്നും ശ്രീലങ്കയിലേക്ക് മടങ്ങും.