ആലുവ : പോലീസിനെ നാണം കെടുത്തിയ പെട്ടിക്കട മോഷ്ടാവ് ഒടുവില്‍ പിടിയിലായി. സായുധ പോലീസ് കാവലുള്ള ആലുവ റൂറല്‍ എസ്.പി ഓഫീസിന് മുന്നിലെ പെട്ടിക്കട കുത്തി തുറന്ന കളളനെയാണ് ആലുവ പോലീസ് പൊക്കിയത്. മധ്യപ്രദേശ് സ്വദേശിയായ പ്രസാദ് എന്നയാളാണ് ആലുവ റെയില്‍വെ പരിസരത്ത് നിന്ന് മോഷണമുതലുകളുമായി പോലീസിന്റെ പിടിയിലായത്.
ഇയാളുടെ കൈയ്യില്‍ നിന്ന് മോഷ്ടിച്ചെടുത്ത മൊബൈല്‍ ഫോണ്‍, ബാഗ്, വാച്ച്, കുട ,എന്നിവ കണ്ടെടുത്തു. കടയുടമ ജോസ് മോഷണമുതലുകള്‍ തിരിച്ചറിഞ്ഞു
തിങ്കളാഴ്ച പുലര്‍ച്ചെയാണ് സേനയെ നാണംകെടുത്തിയ പെട്ടിക്കട മോഷണം നടന്നത്. പോലീസിന്റെ സി.സി.ടി.വി കാമറകളുടെ താഴെ, റൂറല്‍ പോലീസ് ഓഫീസിന് അഭിമുഖമായുള്ള കടയിലായിരുന്നു മോഷണം. റൂറല്‍ ജില്ലയില്‍ മോഷണ പരമ്പര കൊണ്ട് പോലീസ് നട്ടം തിരിയുമ്പോഴായിരുന്നു ഈ മോഷണം. റൂറല്‍ പോലീസിനാകെ നാണക്കേടുണ്ടാക്കിയ ഈ മോഷ്ടാവിനെ പിടികൂടേണ്ടത് പോലീസിന്റെ അഭിമാന പ്രശ്നവുമായിരുന്നു.പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ആളില്ലാത്ത വീട് കുത്തി തുറന്ന് മുപ്പത് ലക്ഷം രൂപയുടെ
ആഭരണങ്ങള്‍ കവര്‍ന്നതടക്കം ഇരുപതിലധികം കേസുകളാണ് ആലുവയില്‍ തെളിയാതെ അവശേഷിക്കുന്നത്.