Special

ഈ ചായയ്ക്ക് കടുപ്പമിത്തിരി കൂടുതലാണ് ;വിലയും ; കിലോയ്ക്ക് 50,000 രൂപ മാത്രം !

ഗുവാഹത്തി: തേയില കയറ്റുമതിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് അസം. രുചികരവും ഗുണമേന്മയുമുള്ളതായ ചായയ്ക്ക് അസം തേയില വളരെയധികം പേരു കേട്ടിട്ടുണ്ട്. എന്നാല്‍ കലാവസ്ഥാ വ്യതിയാനവും ഭൂഘടനയില്‍ വന്ന മാറ്റങ്ങളും അസമിലെ 200 വര്‍ഷം പഴക്കമുള്ള തേയില വ്യവസായത്തെ ദുഷ്‌കരമാക്കി. എന്നിരുന്നാലും തേയില വ്യവസായത്തില്‍ വലിയ പ്രതീക്ഷകള്‍ നല്‍കുന്ന വാര്‍ത്തയാണ് അസമിലെ തേയില കുന്നുകള്‍ക്ക് ഇന്ന് പറയാനുള്ളത്. അസമിലെ മനോഹരി ടീ എസ്‌റ്റേറ്റില്‍ നിന്നും കൈകൊണ്ട് നിര്‍മ്മിച്ച അപൂര്‍വ്വ ഗണത്തില്‍പ്പെട്ട ചായപ്പൊടി 50,000 രൂപയ്ക്കാണ് ലേലം ചെയ്തത്. പൊതു ലേലത്തിലൂടെ വില്‍ക്കുന്ന ഏത് തരത്തിലുള്ള അസം തേയിലയ്ക്കും രേഖപ്പെടുത്തിയിരിക്കുന്നതിനേക്കാള്‍ ഏറ്റവും ഉയര്‍ന്ന വിലയാണിതെന്ന് ഗുവാഹത്തി ടീ ലേല കേന്ദ്രം പറയുന്നു.

മനോഹരി ഗോള്‍ഡ് ടീ എന്ന പേരില്‍ വിപണനം നടത്തുന്ന ഈ ചായപ്പൊടി അപൂര്‍വ്വ ഇനത്തില്‍പ്പെടുന്നതാണ്. മനോഹരി എസ്‌റ്റേറ്റ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വികസിപ്പിച്ചെടുത്ത പ്രക്രിയയാണ് ഇവിടെ ഉപയോഗിക്കുന്നത്. അതിന്‍പ്രകാരം തേയിലച്ചെടിയുടെ ചെറിയ മുകുളങ്ങളില്‍ നിന്നുമാണ് ഇവ നിര്‍മ്മിച്ചെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ ഇനം കിലോയ്ക്ക് 39001 രൂപയ്ക്കാണ് വിറ്റു പോയത്. 40000 രൂപയ്ക്ക് ലേലത്തില്‍ അന്ന് റെക്കോര്‍ഡിട്ടത് അരുണാചല്‍പ്രദേശിലെ ഡോണി പോളോ എസ്‌റ്റേറ്റിലെ ഗോള്‍ഡന്‍ നീഡില്‍ ഇനത്തിലെ തേയിലയ്ക്കായിരുന്നു. കഴിഞ്ഞ വര്‍ഷം ചെറിയ വ്യത്യാസത്തില്‍
ലേലത്തില്‍ റെക്കോര്‍ഡിടാന്‍ കഴിയാതെ പോയതിനാല്‍ ഇത്തവണ കൂടുതല്‍ പരിശ്രമങ്ങളാണ് ഈ മേഖലയില്‍ നടത്തിയതെന്ന് മനോഹരി ടീ എസ്‌റ്റേറ്റ് ഉടമ രാജന്‍ ലോഹിയ പറയുന്നു.

‘ P-126’ എന്ന പ്രത്യേകതരം ക്‌ളോണില്‍ നിന്നും ഉത്പാദിപ്പിക്കുന്ന തേയില എല്ലാ ദിവസവും അതിരാവിലെ പറിച്ചെടുക്കുയും കൈകള്‍കൊണ്ട് നിര്‍മ്മിക്കുകയും ചെയ്യുന്ന ഇനമാണ്. അതുകൊണ്ടു തന്നെ ഇവയുടെ ഉത്പാദനം എളുപ്പമല്ല. തേയില വിപണിതകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുമ്പോഴും നിരവധി വൈവിധ്യങ്ങളുള്ള പ്രത്യേകതരം ചായപ്പൊടികള്‍ ഉത്പാദിപ്പിക്കാന്‍ മനോഹരി ടീ ശ്രദ്ധിക്കുന്നു. അവരെ സംബന്ധിച്ച് ഇതവര്‍ക്കൊരു അതിജീവനമാണ്. ആ ശ്രമങ്ങള്‍ വിജയിച്ചതിലെ സന്തോഷത്തിലാണ് അവിടുത്തെ ഓരോ തൊഴിലാളികളും.കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ റെക്കോര്‍ഡ് തേയില ഉത്പാദനം 1,325.1 ദശ ലക്ഷം കിലോഗ്രാം ആയിരുന്നു.അതില്‍ മൊത്തം ഉത്പാദനത്തിന്റെ പകുതിയിലധികവും അസമില്‍ മാത്രമായി ഉത്പാദിപ്പിച്ചവയായിരുന്നു.

വ്യത്യസ്തതകളാണ് ഈ മേഖലയില്‍ വിജയം നല്‍കുന്നതെന്നു ഇവര്‍ വിശ്വസിക്കുന്നു.പക്ഷെ ഉത്പാദന ചിലവു വര്‍ധിക്കുന്നതല്ലാതെ തങ്ങള്‍ക്കു ലാഭവിഹിതം കൃത്യമായി ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ സങ്കടം.സിടിസി, ഓര്‍ത്തഡോക്‌സ് മുതലായ സാധാരണ ഇനങ്ങള്‍ക്കു പോലും നല്ല വില ലഭിക്കാത്ത കാലത്തോളം അസം തേയിലകള്‍ക്ക് അതിജീവനമുണ്ടാകില്ലെന്നാണ് ഇവരുടെ വാദം. കനത്ത നഷ്ടം കാരണം പ്രധാന നിര്‍മ്മാതാക്കള്‍ വ്യവസായം ഉപേക്ഷിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നത് ഇന്ത്യയുടെ വിപണന മേഖലയില്‍ തന്നെ ആഘാതം സൃഷ്ടിച്ചേക്കാം.

158 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close