ബര്‍മിങ്ങാം:വിലക്കില്‍ നിന്നും മുക്തി നേടിയിട്ടും പ്രതിഷേധചുഴിയില്‍ അകപ്പെട്ട് ഡേവിഡ് വാര്‍ണര്‍. പന്തുചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നുള്ള വിലക്കിനു ശേഷം ആദ്യമായി ടെസ്റ്റ് കളിക്കാനിറങ്ങിയ ഓസ്‌ട്രേലിയന്‍ താരം വാര്‍ണര്‍ക്കു നേരെ ഇംഗ്ലീഷ് കാണികളുടെ പ്രതിഷേധം.
ആദ്യ ആഷസ് ടെസ്റ്റില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ വിക്കറ്റ് വീണപ്പോള്‍ ഡ്രസ്സിങ് റൂമിലേക്കു മടങ്ങിയ വാര്‍ണര്‍ക്കു നേരെ സാന്‍ഡ് പേപ്പര്‍ ഉയര്‍ത്തി കാണികള്‍ പ്രതിഷേധിച്ചു. വാര്‍ണര്‍ ബാറ്റ് ചെയ്യാനിറങ്ങുമ്പോഴും കാണികള്‍ പ്രതിഷേധിച്ചിരുന്നു. കാണികളുടെ പ്രതിഷേധം ബാറ്റിങ്ങിനിടെ വാര്‍ണറെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.
പുറത്തായ എല്‍ബിഡബ്ല്യു തീരുമാനം റിവ്യു ചെയ്യാന്‍ നോണ്‍ സ്‌ട്രൈക്കറോട് ചര്‍ച്ച പോലും ചെയ്യാതെയാണ് വാര്‍ണര്‍ മടങ്ങിയത് (14 പന്തില്‍ 5). റീപ്ലകളില്‍ വാര്‍ണര്‍ ഔട്ടല്ലെന്ന് തെളിയുകയും ചെയ്തു.
2018ല്‍ കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെയാണ് സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ചു പന്ത് ചുരണ്ടല്‍ വിവാദം നടന്നത്. തുടര്‍ന്ന് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
വിലക്കിനു ശേഷം ഏകദിന ലോകകപ്പില്‍ മടങ്ങിയെത്തിയ സ്മിത്തിനെയും വാര്‍ണറെയും ഇംഗ്ലീഷ് കാണികള്‍ കൂക്കിവിളിക്കുകയും ചെയ്തിരുന്നു.
ആഷസ് ടെസ്റ്റില്‍ സ്റ്റിവ് സ്മിത്ത് സെഞ്ചുറി നേടി.















