ഫ്ലോറിഡ: വിൻഡീസിന് എതിരെ ടി 20 യോടെ ഇന്ത്യക്ക് ഇന്ന് തുടക്കം .പരമ്പരയിലെ ആദ്യ മത്സരം ഇന്ന് രാത്രി 8 മണിക്ക് ഫ്ലോറിഡയിൽ നടക്കും .ലോകകപ്പിനു ശേഷം ഇന്ത്യൻ ടീം കളത്തിലിറങ്ങുന്ന ആദ്യ മത്സരമെന്ന പ്രത്യേകതയുമുണ്ട് ഇന്നത്തെ മത്സരത്തിന്. പരമ്പര നടക്കുന്നത് അമേരിക്കയിലും വെസ്റ്റിൻഡീസിലുമായാണ്.
കൊഹ്‌ലി -രോഹിത് ബാറ്റിംഗ് ശക്തിക്കെതിരെ ഗെയ്ൽ -ലൂയിസ് കരുത്തന്മാരുടെ പോരാട്ടത്തിനു ആരാധകർ ഉറ്റുനോക്കുകയാണ്.മൂന്നു തവണ ടി 20 യിൽ ഇന്ത്യക്കെതിരെ സെഞ്ച്വറി നേടിയ താരമാണ് ലൂയിസ് .ആകെ സെഞ്ച്വറി നേടിയതും ഈ ഫോർമാറ്റിൽ മാത്രമാണെന്നതാണു മറ്റൊരു വസ്തുത.
ഓപ്പണർമാരുടെ റോളിൽ നിലവിൽ രോഹിതും ധവാനും തന്നെ . ലോകകപ്പിൽ കത്തിനിൽക്കേ പരിക്കേറ്റു മടങ്ങേണ്ടി വന്ന ധവാന് ഇത് ഫോമിലേക്ക് മടങ്ങിവരാനുള്ള അസുലഭ അവസരമാണ്. നിലവിൽ സിക്സറുകളുടെ എണ്ണത്തിൽ ഗെയ്‌ലിന്റെ 105 നെതിരെ 102 ൽ നിൽക്കുകയാണ് രോഹിത്.അതുമറികടക്കാൻ ഗെയിലുമായി നേരിട്ടുള്ള യുദ്ധമാണ് ഇന്നു തുടങ്ങുന്നത് .
ധോണിയില്ലാത്തതിനാൽ ഏറെ ചർച്ച ചെയ്യപ്പെട്ട പരമ്പരയിൽ പകരക്കാരനായെത്തിയ പന്തിന് തിളങ്ങാനാകുമോയെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം .സ്പിന്നർ രാഹുൽ ചഹറും പേസർ നവദീപ് സെയ്നിയും അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന.
ടി 20 യിൽ കഴിഞ്ഞ 5 വർഷത്തിനിടെ ആക്രമകാരികളായ ടീം ആയിമാറിയവരാണ് വിൻഡീസ് .ആന്ദ്രേ റസ്സൽ എന്ന കരുത്തൻ പിന്മാറിയതാണ് തിരിച്ചടി. ബൗളിംഗ് ക്ലാസ്സിൽ ലോകോത്തര താരങ്ങളിലൊന്നായ സുനിൽ നരേൻ രണ്ടു വർഷത്തെ ഇടവേളക്കു ശേഷം തിരികെ വരുന്നു.ക്യാപ്റ്റൻ ബ്രാത്ത്‍വെയ്റ്റ് ,പൊള്ളാർഡ് ,ഷിമ്രോൺ ഹെറ്റ്മെയർ എന്നിവരെല്ലാം ഏതു നിമിഷവും അപകടകാരികളാവുന്ന താരങ്ങളാണ് .ഷെൽഡൺ കോട്രലും ഒഷെയ്ൻ തോമസും കീമോ പോളുമടങ്ങിയ പേസ് നിരയും ഇന്ത്യക്ക് വെല്ലുവിളിയാവും















