ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 4 വിക്കറ്റ് വിജയം. സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ്. ഇന്ത്യ 17.2 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ്.
ടോസ് നേടി ബോളിംഗ് തെരഞ്ഞെടുത്ത നായകന്‍ വിരാട് കോഹ്‌ലിയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു ഇന്ത്യയുടെ തുടക്കം. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ വെസ്റ്റ് ഇന്‍ഡീസിന് ഓപ്പണര്‍ ജോണ്‍ ക്യാംബെല്ലിന്റെ വിക്കറ്റ് നഷ്ടമായി. വാഷിംഗ്ടണ്‍ സുന്ദറാണ് വെസ്റ്റ് ഇന്‍ഡീസിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. തുടര്‍ന്ന് രണ്ടാം ഓവറില്‍ ടീം സ്‌കോര്‍ എട്ടില്‍ നില്‍ക്കേ എവിന്‍ ലൂയിസിന്റെ വിക്കറ്റു കൂടി നഷ്ടമായതോടെ വിന്‍ഡീസ് തകര്‍ന്നു. 49 റണ്‍സ് നേടിയ കീറണ്‍ പൊള്ളാര്‍ഡിനും 20 റണ്‍സ് നേടിയ നിക്കോളാസ് പൂരനും ഒഴികെ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല.
ഇന്ത്യക്ക് വേണ്ടി നവ്ദീപ് സൈനി 4 ഓവറില്‍ 17 റണ്‍സ് വഴങ്ങി അരങ്ങേറ്റ മത്സരം ഗംഭീരമാക്കി. ഭുവനേശ്വര്‍ കുമാര്‍ 2 വിക്കറ്റ് സ്വന്തമാക്കി. വാഷിംഗ്ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ്, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
മറുപടി ബാറ്റിംഗില്‍ പരിക്കില്‍ നിന്ന് മോചിതനായി ടീമില്‍ തിരിച്ചെത്തിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍ 1 റണ്‍സ് മാത്രം നേടി പുറത്തായി. രോഹിത് ശര്‍മ്മ 2 ബൗണ്ടറികളും 2 സിക്‌സറുകളുമുള്‍പ്പടെ 24 റണ്‍സെടുത്തു. രോഹിത്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വിരാട് കോഹ്‌ലിയും മനീഷ് പാണ്ഡെയും 19 റണ്‍സ് വീതം നേടി പുറത്തായി.
വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി ഷെല്‍ഡന്‍ കോട്രെല്‍, സുനില്‍ നരൈന്‍, കീമോ പോള്‍ എന്നിവര്‍ 2 വിക്കറ്റ് വീതം നേടി.















