ബെർമിംഗ്ഹാം : ബദ്ധവൈരികളുടെ ആദ്യ പോരാട്ടത്തിൽ രണ്ടു ദിവസം ബാക്കിനിൽക്കെ ഇംഗ്ളണ്ടിന് 398 റൺസിന്റെ വിജയലക്ഷ്യം.ഓസ്ട്രേലിയ രണ്ടാമിന്നിംഗ്‌സിൽ 487 നു 7 എന്ന നിലയിൽ ഡിക്ലയേർഡ് ചെയ്തു.രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ 13 എന്ന നിലയിലാണ്. ബേൺസ് 7 ഉം റോയ് 6 ഉം റൺസ് എടുത്തു ക്രീസിലുണ്ട് .
ആദ്യ ഇന്നിംഗ്‌സിൽ നിറം മങ്ങിയ കങ്കാരുപ്പട പക്ഷെ രണ്ടാമിന്നിഗ്‌സിൽ സ്മിത്തിന്റേയും (140) വേഡിന്റെയും (110)ശക്തമായ മികവിൽ 487 എന്ന മികച്ച ടോട്ടൽ പടുത്തുയർത്തുകയായിരുന്നു.ഓപ്പണർമാർ അമ്പേ പരാജയപ്പെട്ട രണ്ടിന്നിഗ്‌സിലും സ്മിത്തിന്റെ തുടർച്ചയായ സെഞ്ച്വറികളാണ് ഓസീസിന് കരുത്തായത്.രണ്ടാം ഇന്നിംഗ്‌സിലെ എട്ടാം വിക്കറ്റിൽ പാറ്റിൻസണും കമ്മിൻസും ഉണ്ടാക്കിയ 78 റൺസിന്റെ അതിവേഗ കൂട്ടുകെട്ടും ഓസീസിന് മികച്ച ടോട്ടൽ നേടിക്കൊടുത്തു.
ഇംഗ്ളണ്ടിന് വേണ്ടി രണ്ടാമിന്നിഗ്‌സിൽ സ്റ്റോക്സ് 3 ഉം അലി 2 ഉം വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ബ്രോഡ് വോക്‌സ് എന്നിവർ ഓരോ വിക്കറ്റുവീതവും നേടി. രണ്ടു ദിവസം കിട്ടിയിരിക്കുന്ന ഇംഗ്ലണ്ടിന് ആദ്യ ടെസ്റ്റ് ജയിക്കാൻ നല്ല അവസരമാണ് കൈവന്നിരിക്കുന്നത് .
ഇത്തവണത്തെ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടർച്ചയായ സെഞ്ച്വറികളോടെയുള്ള സ്മിത്തിന്റെ സ്വപ്നതുല്യമായ തിരിച്ചു വരവിനാണ് കളമൊരുക്കിയത് . അതേ സമയം വ്യക്തിപരമായ അധിക്ഷേപങ്ങൾക്കുപോലും സാക്ഷ്യം വഹിക്കാറുള്ള ആഷസ് പരമ്പരയിൽ ഓസിസ് താരം വാർണർക്ക് കാണികളിൽനിന്നും മോശം അനുഭവമാണ് ഉണ്ടായത് . കഴിഞ്ഞ ഏകദിന ലോകക്കപ്പിൽ കത്തിക്കയറിയ വാർണറുടെ നിഴലുമാത്രമാണ് ടെസ്റ്റിൽ കാണാനായത്.















