കേപ്ടൗണ്‍: പരിശീലക രീതിയില്‍ പുതിയ പരീക്ഷണങ്ങളുമായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്. യൂറോപ്യന്‍ ക്ലബ് ഫുട്ബോള്‍ പരിശീലക സംവിധാനത്തിന്റെ അതേ മാതൃകയിലാണ് പുതിയ പരിഷ്കരണങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഭരണസമിതി(സിഎസ്എ) നടപ്പാക്കുക.
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് കോച്ച് ഓട്ടിസ് ഗിബ്സന് സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് പരിശീലക രീതിയില്‍ മാറ്റം വരുത്താന്‍ സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്. ലോകകപ്പില്‍ ആദ്യ 9 മത്സരങ്ങളില്‍ ഏഴെണ്ണത്തിലും തോല്‍വിയേറ്റ ദക്ഷിണാഫ്രിക്കയുടെ മോശം പ്രകടനത്തിന്റെ തുടര്‍ച്ചയായി, വെസ്റ്റിന്ഡീസുകാരന് ഓട്ടിസ് ഗിബ്സന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് സിഎസ്എ തീരുമാനിച്ചിരുന്നു. കോച്ചിനൊപ്പം ക്രിക്കറ്റ് കോച്ചിങ് സ്റ്റാഫിലെ എല്ലാവരും പുറത്തായിരുന്നു.
പുതിയ തീരുമാനപ്രകാരം ടീം മാനേജര്‍ സ്ഥാനത്ത് ഒരാളെ സിഎസ്എ നിയമിക്കും. മാനേജര്‍ക്കായിരിക്കും ബാറ്റിങ്, ബോളിങ്, ഫീല്‍ഡിങ് പരിശീലകര്‍ ഉള്‍പ്പെടെയുള്ള കോച്ചിങ് സംഘത്തെ നിയമിക്കേണ്ട ചുമതല. ടീമിന്റെ പ്രകടനം സംബന്ധിച്ച റിപ്പോര്‍ട്ട് സിഎസ്എ ആക്ടിങ് ഡയറക്ടര്‍ക്ക് മാനേജര്‍ സമര്‍പ്പിക്കണം. ക്രിക്കറ്റ് 3 ഫോര്‍മാറ്റുകളിലേക്കും ക്യാപ്റ്റന്മാരെയും മാനേജര്‍ക്ക് തീരുമാനിക്കാം. യൂറോപ്യന്‍ ക്ലബ്ബുകളിലെല്ലാം ഈ രീതിയിലാണ് പരിശീലകര്‍ പ്രവര്‍ത്തിക്കുന്നത്.