IndiaSpecial

നന്ദി പ്രധാനമന്ത്രീ ; ഈ ദിവസത്തിനു വേണ്ടി ഞാനെന്റെ ജീവിതം മുഴുവൻ കാത്തിരിക്കുകയായിരുന്നു ; അവസാന ഹൃദയമിടിപ്പ് പോലും രാഷ്ട്രത്തിന് നൽകി അവർ യാത്രയായി

അനേകായിരങ്ങൾക്ക് അഭയമേകിയ ആ ട്വിറ്റർ ഹാൻഡിൽ ഇനി ചലിക്കില്ല. പ്രവാസി ഇന്ത്യക്കാർക്ക് അമ്മയായി മാറിയ വാത്സല്യം ഇനിയില്ല. യുഎൻ വേദികളിൽ ഇന്ത്യൻ ദേശീയതയ്ക്കു വേണ്ടി ശക്തിയോടെ മുഴങ്ങിയ ആ സൗമ്യ ശബ്ദം ഇനി ഓർമ്മ മാത്രം. അവസാന ശ്വാസവും രാഷ്ട്രത്തിനു വേണ്ടി എന്ന പ്രതിജ്ഞ പാലിച്ച് ഇന്ത്യയുടെ അമ്മ വിടവാങ്ങി.

അകലങ്ങളിലെ ഇന്ത്യക്കാരന് അവസാനത്തെ ആശ്രയമല്ല , ഏറ്റവും ആദ്യത്തെ ആശ്രയമായി മാറിയിരുന്നു ഇന്ത്യയുടെ വിദേശകാര്യമന്ത്രി. ഇന്ത്യക്കാർ മാത്രമല്ല ചികിത്സയ്ക്ക് വേണ്ടി തന്നെ സമീപിച്ച പാകിസ്ഥാൻകാരെയും ആ അമ്മ കരുണയോടെ കണ്ടു. അവർക്കു വേണ്ടി വിസ സൗകര്യങ്ങൾ ഒരുക്കി. അവരുടെ ഓരോ ആവശ്യങ്ങളും ശ്രദ്ധയോടെ കേട്ടു. അമ്മേയെന്ന് വിളിച്ച് അശരണർ മക്കളായി. അവരെയെല്ലാം വാത്സല്യപൂർവ്വം സുഷമ ചേർത്തു പിടിച്ചു.

ആത്മഹത്യക്ക് ശ്രമിച്ചവർക്ക് അഭയമായി ഞങ്ങൾ കൂടെയുണ്ടെന്ന് പറഞ്ഞുവെന്ന് മാത്രമല്ല കൈപിടിച്ച് കൂടെ നിന്നു. ചൊവ്വയിൽ കുടുങ്ങിയാൽ പോലും ഞങ്ങൾ രക്ഷപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യക്കാർക്ക് വേണ്ടി മഹാമേരു പോലെ നിലകൊണ്ടു. അള്ളാഹു കഴിഞ്ഞാൽ നിങ്ങളാണ് ഞങ്ങളുടെ അവസാന ആശ്രയമെന്ന് പാകിസ്ഥാൻകാർ പോലും പറയുന്ന രീതിയിൽ കാരുണ്യത്തിന്റെ വിശ്വവനിതയായി.

മാതൃരാജ്യത്തിന്റെ നേരേ ഉയർന്ന ഒരു വെല്ലുവിളിയും കണ്ടു നിൽക്കാൻ കഴിഞ്ഞില്ല അവർക്ക്.  മാതൃഭാവത്തിനൊപ്പം തന്നെ ശക്തയായ ഭരണാധികാരി എന്ന വേഷവും അവർ ഭംഗിയായി നിറഞ്ഞാടി. ലോകമവസാനിച്ചാലും കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കുമെന്ന് ഉറച്ച പ്രഖ്യാപനം നടത്തി. യു‌എന്നിൽ അളന്നു മുറിച്ച വാക്കുകളിലൂടെ എതിരാളികളെ നിഷ്പ്രഭമാക്കി.

നന്ദി പ്രധാനമന്ത്രീ.. ഈ ദിനത്തിനു വേണ്ടി ഞാനെന്റെ ജീവിതം മുഴുവൻ കാത്തിരിക്കുകയായിരുന്നു എന്നായിരുന്നു സുഷമ സ്വരാജിന്റെ അവസാനത്തെ ട്വീറ്റ്. ഇനി എക്കാലവും ജനഹൃദയങ്ങളിൽ നൊമ്പരപ്പെടുത്തുന്നതെങ്കിലും അഭിമാനകരമായ ഓർമ്മയായി  അതവിടെത്തന്നെയുണ്ടാകും. അവരുടെ നേതാവിന്റെ അവസാന ഹൃദയമിടിപ്പ് പോലും രാഷ്ട്രത്തിന് വേണ്ടിയായിരുന്നു എന്ന അഭിമാനത്തോടെ അവരത് വീണ്ടും വീണ്ടും കാണുക തന്നെ ചെയ്യും.

10K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close