മനസ്സ് നിറയെ പ്രതീക്ഷകളുമായി പ്രവാസ ജീവിതത്തിലേക്ക് കടക്കുകയും , ഒടുവിൽ കണ്ണീരിനെ ചേർത്ത് പിടിച്ച് നഷ്ടങ്ങളുടെ കണക്ക് പറയേണ്ടി വരുകയും ചെയ്യുന്ന പ്രവാസികൾ കഴിഞ്ഞ അഞ്ചു വർഷക്കാലം ഇത്തരത്തിലുള്ള പ്രവാസികളുടെ ശബ്ദമായിരുന്നു സുഷമ സ്വരാജ് .
വിദേശകാര്യമന്ത്രിയായിരിക്കെ ഓരോ ഇന്ത്യക്കാരനും അനുഭവിച്ചറിഞ്ഞിരുന്നു സുഷമയുടെ പ്രവർത്തി വൈഭവം . തൊഴിൽ നഷ്ടപ്പെട്ട് അന്യ രാജ്യത്ത് കുടുങ്ങുമ്പോൾ , പാസ്പോർട്ട് നഷ്ടപ്പെട്ട് തിരികെ മടങ്ങാനാകാതെ വരുമ്പോൾ ഒക്കെ സുഷമയുടെ കരങ്ങൾ അവർക്കായി നീളും .
കാരുണ്യത്തിന്റെ ആ കൈകളിൽ പിടിച്ച് മാതൃനാട്ടിലേക്ക് തിരിച്ചെത്തിയവരും ഏറെയാണ് . ശത്രുരാജ്യമെന്ന് പരക്കെ അറിയപ്പെട്ട പാകിസ്ഥാനിൽ നിന്ന് പോലും ചികിത്സയ്‌ക്കായി ഇന്ത്യയിൽ എത്തുന്നവർ നിരവധിയാണ് . ആദ്യമൊക്കെ പാകിസ്ഥാനികൾക്ക് വിസ നൽകുന്നതിനെ പലരും അതൃപ്തിയോടെ നോക്കി കണ്ടെങ്കിലും ഒരു ജീവനാണ് വലുതെന്ന ചിന്തയായിരുന്നു സുഷമയ്‌ക്ക് . അത്തരത്തിൽ സുഷമ വിസ അനുവദിച്ച് നൽകിയ പാക് ബാലിക സുഷമയ്‌ക്ക് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തതും ഏറെ വൈറലായിരുന്നു .
ഏഴുവയസ്സുകാരി മാഹാ ഷോയിബിന്റെ ഹൃദയശസ്ത്രക്രിയക്കായി അമ്മ നിദ മഹമൂദ് ട്വിറ്ററിലൂടെയാണ് സുഷമയോട് സഹായം ആവശ്യപ്പെട്ടത് . തുടർന്ന് കുഞ്ഞിന്റെ ശസ്ത്രക്രിയക്കായി വിസ അനുവദിക്കുന്നതായി സുഷമ സ്വരാജ് അറിയിച്ചു . കുഞ്ഞിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നതായും അവർ ട്വീറ്റ് ചെയ്തു.
തുടർന്നാണ് സുഷമയ്‌ക്കും , ഇന്ത്യയ്‌ക്കും നന്ദി അറിയിച്ച് പാകിസ്ഥാനിൽ നിന്നും ആ സന്ദേശമെത്തിയത് . തനിക്ക് വിസ അനുവദിച്ച സുഷമയ്‌ക്ക് നന്ദി അറിയിക്കുക മാത്രമല്ല പാക് ബാലികയായ മാഹ ചെയ്തത് , സുഷമയ്‌ക്കായി ചുംബനം പറത്തി വിടുകയും ചെയ്തു . സ്നേഹത്തിന്റെ , കരുതലിന്റെ പ്രതീകമാകുകയായിരുന്നു അവിടെ സുഷമ സ്വരാജെന്ന ഇന്ത്യൻ വിദേശകാര്യമന്ത്രി .
മനുഷ്യത്വവും,കാരുണ്യവുമാണ് ഭരണകർത്താക്കൾക്ക് വേണ്ടതെന്ന ഉറച്ച നിലപാടിന്റെ വക്താവിനെ കൂടിയാണ് ഈ വേർപാടിലൂടെ ഇന്ത്യയ്‌ക്ക് നഷ്ടമായത് .















