ന്യൂഡല്‍ഹി: ഗുസ്തി ഗോദയില്‍ വീണ്ടും ഒരു പ്രണയ സാഫല്യം. ഇന്ത്യന്‍ ഗുസ്തി താരങ്ങളായ ബജ്രംഗ് പുനിയയുടെയും സംഗീത ഫോഗോട്ടിന്റെയും പ്രണയമാണ് പൂവണിയുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ടോക്കിയോ ഒളിംപിക്സിനു ശേഷമായിരിക്കും വിവാഹമെന്ന് ഇരുവരുടേയും കുടുംബാംഗങ്ങള്‍ അറിയിച്ചു.
നിലവില്‍ 65 കിലോഗ്രാം ഗുസ്തിയില്‍ ഒന്നാം റാങ്കുള്ള താരമാണ് ബജ് രംഗ്. ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുള്ള താരമായ ഇദ്ദേഹം നിലവില്‍ അടുത്ത ഒളിംപിക്സ് മത്സരത്തിനായുള്ള തീവ്ര പരിശീലനത്തിലാണ്. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണ്ണം നേടിയിരുന്നു. സംഗീത 59 കിലോഗ്രാം വിഭാഗത്തില്‍ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്.
ഇന്ത്യയുടെ ഗുസ്തി ഫാമിലിയായ ഫോഗോട്ട് കുടുംബത്തില്‍ നിന്നാണ് സംഗീത ഫോഗോട്ട്. രാജ്യാന്തര താരങ്ങളായ ബബിത ഫോഗോട്ട്, ഗീതാ ഫോഗോട്ട് എന്നിവരുടെ ഇളയ സഹോദരിയാണ് സംഗീത. സംഗീതയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് പിതാവും ഗുസ്തി പരിശീലകനുമായ മഹാവീര്‍ സിങ് ഫോഗോട്ട് അറിയിച്ചു. പരുക്കിനെ തുടര്‍ന്ന് വിട്ടു നിന്ന സംഗീത നിലവില്‍ ദേശീയ ക്യാമ്പിലാണ്.
ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ മഹാവീര്‍ സിങ്ങ് ഫോഗോട്ടിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ആമിര്‍ ഖാന് നായകനായ” ദംഗല്‍” എന്ന സിനിമ നിര്‍മ്മിച്ചത്. 2016-ലാണ് ദംഗല്‍ പുറത്തിറങ്ങിയത്. സംഗീതയുടെ സഹോദരി ഗീത ഫോഗോട്ടിന്റെ വിവാഹവും പ്രണയ വിവാഹമായിരുന്നു. ഗീത വിവാഹം കഴിച്ചത് ഗുസ്തി താരമായ പവന് കുമാറിനെയാണ്.