ന്യൂഡല്‍ഹി: ആധുനിക ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണങ്ങളുടെ പിതാവ് വിക്രംസാരാഭായുടെ 100-ാംജന്മദിനം ഇന്ന് ആഘോഷിക്കുന്നു. ശാസ്ത്രലോകവും സര്‍വ്വകാലാശാലകളും ശാസ്ത്രപ്രതിഭയ്ക്ക് പ്രണാമങ്ങളര്‍പ്പിച്ച് അനുസ്മരിക്കും. ഭാരതത്തിന്റെ ആണവ ശാസ്ത്രമേഖലയുടെ പിതാവായ ഡോ.ഹോമി ഭാഭയുടെ പ്രീയ ശിഷ്യനാണ് സാരാഭായ്.
സമൂഹമാധ്യമങ്ങളുടെ വാതിലെന്ന് വിശേഷിപ്പിക്കുന്ന ഗൂഗിള്‍ ഡൂഡിലില്‍ വിക്രംസാരാഭായിയുടെ ചിത്രവും ലിങ്കില്‍ വ്യക്തിവിശേഷങ്ങളും നല്‍കിക്കൊണ്ടാണ് വെബ് ലോകത്തിന്റെ ആദരവ് അറിയിച്ചിരിക്കുന്നത്.
1962ല്‍ ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്പേസ് റിസര്‍ച്ച് എന്ന പേരിലാരംഭിച്ച ഇന്നത്തെ ഇസ്റോ എന്ന ഐഎസ്ആര്‍ഒ യുടെ സ്ഥാപകനാണ് ഭാരതം ലോകത്തിന് സമ്മാനിച്ച ബഹിരാകാശ ശാസ്ത്രപ്രതിഭയായ ഡോ.വിക്രം സാരാഭായ്.
ഭൗതികശാസ്ത്രജ്ഞന്‍,വ്യവസായി,ഗവേഷകന് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് സാരാഭായ്. വിക്രംസാരാഭായ് 1919ല്‍ അഹമ്മദാബാദിലാണ് ജനിച്ചത്. ഗുജറാത്തില്‍ നിന്ന് കോളേജ് വിദ്യാഭ്യാസവും ബ്രിട്ടണിലെ കേംബ്രിഡ്ജില്‍ നിന്ന് ഗവേഷണ ബിരുദവും നേടി. ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം 1947 നവംബറില്‍ തന്റെ 28-ാം വയസ്സില്‍ ഫിസിക്കല്‍ റിസര്‍ച്ച് ലാബോറട്ടറി(പിആര്‍എല്‍) എന്ന സ്ഥാപനം ഗുജറാത്തില്‍ തുടങ്ങി.
റഷ്യ നടത്തിയ സ്പുട്നിക് വിക്ഷേപണത്തെ തുടര്‍ന്ന് വിക്രം സാരാഭായ് ഭാരത സര്‍ക്കാറിനെ ബഹിരാകാശ ദൗത്യങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തി. ‘ ഒരു വികസ്വര രാജ്യത്തിന് ബഹിരാകാശ സംരംഭങ്ങളുടെ ആവശ്യമെന്താണ്? ഈ ചോദ്യം എന്നോട് ചോദിച്ചാല്‍ അതിനുള്ള ഉത്തരം, അത് നമുക്ക് അത്യന്താപേക്ഷിതമായ ആവശ്യവും രണ്ടാമത്തേതായി പിന്നോട്ട് മാറ്റിവയ്ക്കാന്‍ പാടില്ലാത്തത്ര സുപ്രധാനവുമായ മേഖലയാണിത്’ എന്നതാണ് ഉത്തരമെന്ന് അന്നേ വിക്രംസാരാഭായ് വ്യക്തമാക്കിയിരുന്നു.
ഭാരത സര്‍ക്കാറിന്റെ പച്ചക്കൊടി കണ്ടതോടെ 1966ല്‍ സാരാഭായ് നാസയിലെത്തി ചര്‍ച്ചകളാരംഭിക്കുകയും സഹായമഭ്യര്‍ത്ഥിക്കുകയും ചെയ്തു.1971ല്‍ അന്തരിച്ചെങ്കിലും അമേരിക്കയുടെ സഹായത്തോടെ ഇന്ത്യ നടപ്പാക്കിയ 1975-76ലെ സാറ്റലൈറ്റ് ഇന്‍സ്ട്രക്ഷണല്‍ ടെലിവിഷന്‍ എക്സ്പിരിമെന്റ്(എസ്ഐറ്റിഇ-സൈറ്റ്) എന്ന പദ്ധതിയുടെ ആരംഭമാണ് വാര്‍ത്താവിതരണ രംഗത്ത് വിപ്ലവമായ ടെലിവിഷന്‍ പ്രക്ഷേപണത്തിന് ഈ നാട്ടില്‍ അടിത്തറപാകിയത്.
ബഹിരാകാശ ഉപഗ്രഹ വിക്ഷേപണത്തിന് സാരാഭായ് തുടക്കമിട്ട പദ്ധതിക്ക് 1975ല്‍ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിലും ശാസ്ത്രലോകം വിജയത്തുടക്കമിട്ടു. റഷ്യന്‍ ഉപഗ്രഹമായ സ്ഫുട്നിക്കിലാണ് ഭാരതത്തിന്റെ ആദ്യഉപഗ്രമായ ആര്യഭട്ട വിക്ഷേപിച്ച് ലോക ബഹിരാകാശ രംഗത്ത് നാം സ്ഥാനമുറപ്പിച്ചത്. ഇന്ത്യ 1973ല്‍ ചന്ദ്രനില്‍ കണ്ടെത്തിയ ഗര്‍ത്തത്തിന് സാരാഭായിയുടെ പേരാണ് ഇട്ടത്.വരുന്ന സെപ്തംബറില്‍ ചന്ദ്രനിലിറങ്ങാനിരിക്കുന്ന ചന്ദ്രയാന്‍-2ലെ പര്യവേഷണ വാഹനത്തിന്റെ പേര് വിക്രം ലാന്റര്‍ എന്നിടാന്‍ ഐഎസ്ആര്‍ഒ യ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
ശ്രീഹരിക്കോട്ടയും കേരളത്തിലെ തുംമ്പയും സജ്ജമാക്കാന്‍ രാപ്പകലെന്നില്ലാതെ ഓടിനടന്ന ആ മഹാപ്രതിഭയെ ഇന്ന് ശാസ്ത്രലോകം വിവിധ സ്ഥാപനങ്ങളില്‍ നടക്കുന്ന അനുസ്മരണ പരിപാടികളിലൂടെ ആദരിക്കും.