അഹമ്മദാബാദ്: മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ ഗൗരവ് ഡാഹിയയെ ഗുജറാത്ത് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു.2010 ബാച്ചിലെ ഗുജറാത്ത് കേഡര്‍ ഐഎഎസ് ഓഫീസറാണ് ഗൗരവ് ഡാഹിയ.ദ്വിഭാര്യത്വം, വഞ്ചനാകുറ്റം എന്നീ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് സര്‍ക്കാര്‍ നടപടിയെടുത്തത്.
തുറമുഖ, ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുനൈന തോമറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ അന്വേഷണ സംഘമാണ് നടപടിയെടുത്തത്. അച്ചടക്ക ലംഘനം, പദവി ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് സസ്പെന്ഷന്.
അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗൗരവ് ഡാഹിയയെ സംസ്ഥാന സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തതായി ചീഫ് സെക്രട്ടറി ജെ.എന്‍ സിംഗ് പറഞ്ഞു. ഡല്‍ഹി യുവതിയുടെ പരാതി ലഭിച്ചയുടനെ മുഖ്യമന്ത്രി വിജയ് രൂപാനി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
വിവാഹിതനായ ഗൗരവ് ആ വിവരം മറച്ചുവെച്ചാണ് 2018ല്‍ ഡല്‍ഹി സ്വദേശിയായ യുവതിയെ വിവാഹം ചെയ്തത്. ഫെബ്രുവരിയില്‍ തിരുപ്പതിയില്‍ വെച്ച് തങ്ങള്‍ വിവാഹിതരായെന്നും വിവാഹചിത്രങ്ങള്‍ തന്റെ പക്കലുണ്ടെന്നും യുവതി പറഞ്ഞു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ തന്നെ ഭീഷണിപ്പെടുത്താറാണ് പതിവെന്നും യുവതി പറഞ്ഞു. എന്നാല്‍ യുവതി കള്ളം പറയുകയാണെന്നും അവകാശവാദങ്ങല്‍ ഉന്നയിച്ച് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയുമാണെന്നാണ് ഗൗരവ് അന്വേഷണസംഘത്തിന് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത്.
അതേസമയം അന്വേഷണത്തില്‍ ഗൗരവ് കുറ്റക്കാരനായി തെളിഞ്ഞതിനാലാണ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുന്നതെന്നും ഒരു ഐഎഎസ് ഓഫീസര്‍ തന്റെ പദവി ദുരുപയോഗം ചെയ്യുന്നത് വിട്ടുവീഴ്ച്ചയില്ലാത്ത തെറ്റാണെന്നും അധികൃതര്‍ പറഞ്ഞു.