തൃശൂര്‍: രണ്ട് ദിവസം കുറഞ്ഞു നിന്ന മഴ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തിയപ്പോള്‍ കനോലി കനാലില്‍ ജലനിരപ്പ് പിന്നെയും ഉയര്‍ന്നു. നിറഞ്ഞൊഴുകിയിരുന്ന കനാലില്‍ ഒരടിയോളമാണ് പിന്നെയും വെള്ളം പൊങ്ങിയത്. ഇതോടെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് ഒഴിഞ്ഞു പോയ വെള്ളക്കെട്ട് വീണ്ടും തിരിച്ചു വന്നു.
എടത്തുരുത്തി, കയ്പമംഗലം പ്രദേശങ്ങളിലെ ആളുകളാണ് ഇതോടെ ബുദ്ധിമുട്ടിലായത്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് ജലനിരപ്പ് ഉയരാന്‍ തുടങ്ങിയത്. വെള്ളം പൊങ്ങുന്നതും ഒഴുക്കില്ലാത്തതും കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കരുവന്നൂര്‍ ഹരിപുരം താണിശ്ശേരി കെഎല്‍ഡിസി ബണ്ട് പൊട്ടിയതും വെളളം പൊങ്ങാന്‍ കാരണമായി. ഈസ്റ്റ് ടിപ്പു സുല്‍ത്താന്‍ റോഡിന് കിഴക്ക് ഭാഗത്തെ പ്രദേശങ്ങളായ കോഴിത്തുമ്പ്, ചെന്ത്രാപ്പിന്നി ഈസ്റ്റ്, മധുരംപിള്ളി, ചളിങ്ങാട് കൂനിപ്പറമ്പ്, കാക്കാത്തുരുത്തി, ലാല്‍ ബഹദൂര്‍ ശാസ്ത്രി കോളനി, തുടങ്ങിയ സ്ഥലങ്ങളാണ് വെള്ളത്തിനടിയിലായത്.
പ്രദേശത്തെ ആളുകള്‍ മുഴുവനും ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി താമസിക്കുകയാണ്. സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ ക്യാമ്പുകളില്‍ താമസിക്കുന്നവരും ആശങ്കയിലാണ്. ക്യാമ്പുകളില്‍ നിന്ന് ഒഴിഞ്ഞു പോയവരും തിരികെ ക്യാമ്പുകളിലേയ്ക്ക് തിരികെയെത്തുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. എടത്തുരുത്തി, കയ്പമംഗലം, ചെന്ത്രാപ്പിന്നി, പെരിഞ്ഞനം ഭാഗത്തെ 16 ക്യാമ്പുകളിലായി 1877 ആളുകളാണ് ഇപ്പോഴും താമസിക്കുന്നത്.
തൃശൂര്‍ ജില്ലയില്‍ നിലവില്‍ 223 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. 15195 കുടുംബങ്ങളിലെ 45309 പേരാണ് ക്യാമ്പുകളിലുള്ളത്. ഇതില്‍ 18994 പുരുഷന്മാരും 19832 സ്ത്രീകളും 6483 കുട്ടികളുമുണ്ട്. ഇതുവരെ 225 വീടുകള്‍ ഭാഗികമായും 25 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.