മലപ്പുറം: ഉരുള്‍ പൊട്ടല്‍ ദുരന്തം വിതച്ച കവളപാറയില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഇന്ന് നടത്തിയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ മരണ സംഖ്യ 36 ആയി. ഇനിയും 23 ഓളം പേര് മണ്ണിനടിയില്‍ ഉണ്ടെന്ന നിഗമനത്തിലാണ് തെരച്ചില്‍ തുടരുന്നത്. അതേസമയം കൂടുതല്‍ ഗവേഷകരെ എത്തിച്ചു ഉരുള്‍ പൊട്ടലിന്റെ ഗതി അനുസരിച്ചു തെരച്ചില്‍ നടത്തുന്നതിനെ കുറിച്ച് ആലോചിച്ചു വരികയാണെന്ന് എസ് പി അബ്ദുല്‍ കരീം വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ കവളപ്പാറ മുത്തപ്പന്‍കുന്നിടിഞ്ഞുണ്ടായ ഉരുള്‍പൊട്ടലില്‍ 59 പേരാണ് ഉള്‍പ്പെട്ടത്. ഒരാഴ്ച പിന്നിട്ട തെരച്ചിലിനൊടുവില്‍ പകുതിയോളം പേരെ മാത്രമാണ് കണ്ടെത്തിയത്. ഇന്നലെ നടത്തിയ തെരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തില്‍ കാര്യക്ഷമമായി തെരച്ചില്‍ തുടരുകയാണ്.
ഭൗമ ശാസ്ത്രജ്ഞര്‍ ഉള്‍പ്പടെ കവളപ്പാറയിലെ ദുരന്ത ഭൂമി സന്ദര്‍ശിച്ചിരുന്നു. കാണാതായവരില്‍ അവസാനത്തെ ആളിനേയും കണ്ടെത്തും വരെ തെരച്ചില്‍ തുടരാനാണ് തീരുമാനം. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചു കൊണ്ട് നാല് ടീമുകളായി തിരിഞ്ഞാണ് ദുരന്തഭൂമിയില്‍ തെരച്ചില്‍ പുരോഗമിക്കുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ഇന്ന് വൈകീട്ട് കവളപ്പാറയിലെത്തും.