Special

അകലുന്ന പാളങ്ങള്‍, അടുക്കാന്‍ കാത്തിരിക്കുന്നത് വിഭജനം വേര്‍പെടുത്തിയ വാര്‍ധക്യങ്ങള്‍

രാജേഷ് ചന്ദ്രന്‍

കൊച്ചി: ഒരിക്കലും കൂട്ടിമുട്ടാതെ സമാന്തരമായി പോകുന്നത്, എന്നാണല്ലോ പൊതുവേ നാം ‘റെയില്‍പ്പാളങ്ങളെപ്പോലെ’ എന്ന പദംകൊണ്ട് വിശേഷിപ്പിക്കാറ്. എന്നാല്‍ നയതന്ത്ര ബന്ധങ്ങളില്‍ ഊഷ്മളതയുടെ ചൂളംവിളികളുമായി അതേ റെയില്‍പ്പാതകള്‍ രാജ്യാന്തരബന്ധങ്ങളെ കൂട്ടിയിണക്കുന്നതില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ലോകത്തില്‍ കരകള്‍ അതിര്‍ത്തിയായിട്ടുള്ള പലരാജ്യങ്ങളും തീവണ്ടിവഴിയാണ് മിണ്ടിത്തുടങ്ങുന്നതും മുഖംവീര്‍പ്പിച്ച് മാറിയിരിക്കുന്നതും. ഇവിടെ ഭാരത-പാക് അതിര്‍ത്തികടന്നുള്ള തീവണ്ടി ഗതാഗതം പുകതുപ്പിയും മൂളിയും കിതച്ചും പോവുകയാണ്.

ഭാരതവും പാകിസ്ഥാനുമായുള്ള സുപ്രധാന സീമോലംഘനങ്ങളുടെ നിയമാനുസൃതമായ ഇഴചേര്‍ക്കലാണ് ഉരുക്കുപാളങ്ങളിലൂടെ നടക്കുന്നത്. ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ പലപ്പോഴും പാകിസ്ഥാന്‍ തകര്‍ത്തുകളയുന്നത് ആ നാട്ടിലെ സാധാരണക്കാരന്റെ, തലമുറകളെ കോര്‍ത്തിണക്കാനുപകരിക്കുന്ന മനുഷ്യത്വത്തിന്റെ അയല്‍പ്പക്കബന്ധങ്ങളാണ്. ഇതിനു കാരണം രണ്ടു ട്രെയിനുകളാണ്. ഭാരത-പാക് ബന്ധങ്ങളെ സാധാരണക്കാരിലൂടെ നിലനിര്‍ത്തുന്നതും അവ തന്നെ. അതില്‍ ബ്രിട്ടീഷ് ഭരണകാലത്ത് തുടങ്ങിവച്ച് ബ്രിട്ടീഷുകാര്‍ ഭരണസംവിധാനത്തിനുപയോഗിച്ചതാണ് താര്‍ എക്‌സ്പ്രസ്സ്.

1892ല്‍ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി നിര്‍മ്മിക്കപ്പെട്ട റെയില്‍പാത പാക്കിസ്ഥാനിലെ ഹൈദരാബാദ് മുതല്‍ രാജസ്ഥാനിലെ ജോധ്പൂര്‍ വരെ നീളുന്നതായിരുന്നു.പിന്നീട് സ്വതന്ത്രഭാരതത്തില്‍ 1965ലാണ് ഉഭയകക്ഷി ചര്‍ച്ചകളെ തുടര്‍ന്ന് അതിര്‍ത്തിക്കടുത്തുവരെയുള്ള താര്‍ എക്‌സ്പ്രസ്സ്(പാകിസ്ഥാന്‍) യാത്ര പുനരാരംഭിച്ചത്.
കറാച്ചി മുതല്‍ ഖൊഖ്രാപാര്‍(അതിര്‍ത്തിയില്‍ നിന്ന് 10 കിമി) വരെയാണ് അന്ന് യാത്രാ സംവിധാനം സജ്ജമാക്കിയത്. പിന്നീട് പാകിസ്ഥാന്‍ തന്നെ നിലവില്‍ പാകിസ്ഥാന്‍ അതിര്‍ത്തിയ്ക്കടുത്തുവരെ പാളം പണിതുകൊണ്ട് സീറോ പോയിന്റ് റെയില്‍വ്വേ സ്‌റ്റേഷന്‍ നിര്‍മ്മിച്ചു. താര്‍ എക്‌സ്പ്രസ്സ് എന്നത് മുന്‍പുണ്ടായിരുന്ന സിന്ദ് മെയിലിന്റെ പരിഷ്‌കൃതരൂപമാണ്. 41 വര്‍ഷത്തെ യാത്രാ സ്തംഭനത്തിനുശേഷം 2006ലാണ് പുതിയ സര്‍വ്വീസ് തുടങ്ങിയത്.7 മണിക്കൂര്‍ 5മിനിറ്റുകൊണ്ട് 381 കി.മീ ദൂരമാണ് താര്‍ എക്‌സ്പ്രസ്സ് പാക് പ്രവിശ്യയിലൂടെ സഞ്ചരിക്കുന്നത്. ്മറുഭാഗത്ത് താര്‍ ലിങ്ക് എക്‌സ്പ്രസ്സ്(ഇന്ത്യ) എന്ന പേരില്‍ ഭാരത അതിര്‍ത്തിയിലെ മുനബാവോ മുതല്‍ ജോധ്പൂരിലെ ഭഗത് കീ കോഠി വരെയാണ് യാത്ര. 5 മണിക്കൂര്‍ 55 മിനിറ്റുകൊണ്ട് യാത്രപൂര്‍ത്തിയാകും.

പുതിയ സംഭവ വികാസങ്ങളോടെ ആഗസ്റ്റ് 9 ന് പാക്കിസ്ഥാന്‍ റെയില്‍ ഗതാഗതവകുപ്പ് മന്ത്രി ഷേയ്ഖ് റഷീദ് അഹമ്മദാണ് താര്‍ എക്‌സ്പ്രസ്സ് നിര്‍ത്തിവയ്ക്കുന്നതായി ആദ്യം പ്രഖ്യാപിച്ചത്. ഭാരതത്തിലേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന 45പേരുടെ യാത്ര ഇതോടെ മുടങ്ങി.ഭാരതത്തില്‍ നിന്നുള്ള 84 പാക്കിസ്ഥാനികളടക്കം 165 പേരടങ്ങുന്ന അങ്ങോട്ടുള്ള യാത്ര ഭാരതം മുടക്കിയിരുന്നില്ല. എന്നാല്‍ അതിര്‍ത്തിയിലെ സുരക്ഷാസംവിധാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഭാരതം ഇന്നുമുതല്‍ താര്‍ എക്‌സ്പ്രസ്സുമായുള്ള ബന്ധം മുറിക്കേണ്ടിവന്നിരിക്കുന്നു.

ഇനി രണ്ടാമത്തെ തീവണ്ടി മറ്റൊരുവശത്തുകൂടി പാക്കിസ്ഥാനിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നത്, സംച്ഛോതാ എക്‌സ്പ്രസ്സ് എന്ന പേരിലാണ്.
1976 ജൂലൈ 22 മുതല്‍ സിംലാ കരാറിനെ തുടര്‍ന്നാരംഭിച്ച ഈ തീവണ്ടി യാത്രയുടെ തുടക്കം പഞ്ചാബിലെ അമൃതസറില്‍ നിന്നാരംഭിച്ച് പാകിസ്ഥാനിലെ ലാഹോര്‍ വരെയായിരുന്നു. ഡല്‍ഹി മുതല്‍ അതിര്‍ത്തിയിലെ അട്ടാരി വരെയും തുടര്‍ന്ന് പാക് അതിര്‍ത്തിയിലെ വാഗ മുതല്‍ പാകിസ്ഥാനിലെ ലാഹോറിലേയ്ക്കുമാണ് സര്‍വ്വീസ്, ആകെ 52 കി.മീ മാത്രം.1976ല്‍ നിത്യേനയായി തുടങ്ങിയ സര്‍വ്വീസ് പിന്നീട് 1994ല്‍ ആഴ്ചയില്‍ രണ്ടു ദിവസമായി.മുന്‍പ് ഒരേ ബോഗികള്‍ തന്നെ പോയിരുന്നത് മാറ്റി അതാത് അതിര്‍ത്തിയില്‍ അതേ രാജ്യത്തിന്റെ ബോഗികളിലേയ്ക്ക് മാറ്റി. വാഗ അതിര്‍ത്തിയില്‍ സുരക്ഷാ-കസ്റ്റംസ് പരിശോധന നടന്നശേഷമാണ് യാത്ര ആരംഭിക്കുന്നത്.

ഇരുരാജ്യങ്ങള്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നടപടി എടുക്കുന്നു എന്ന് പാകിസ്ഥാന് കാണിക്കാനാകെയുള്ളത് എപ്പഴും ഈ രണ്ടു തീവണ്ടിയാത്രകളും റദ്ദുചെയ്യലാണ്. കൂടാതെ വ്യോമപാത അടയ്ക്കലാണ് ഇപ്പഴത്തെ പുതിയ അടവ്. കഴിഞ്ഞ കാലങ്ങളില്‍ ഇത്തരം ‘പാളം’ മുടക്കി തീരുമാനങ്ങള്‍ നടന്നത് സംഭവങ്ങളുടെ പരമ്പരപോലെ ആവര്‍ത്തിക്കുകയും ചെയ്യുന്നു.

ഭാരത പാര്‍ലമെന്റിനു നേരെ ഭീകരാക്രമണം നടന്ന 2001 ഡിസംബര്‍ 13 ന് ശേഷമുള്ള നയതന്ത്രബന്ധങ്ങളുടെ ഉലച്ചിലിനെ തുടര്‍ന്ന് 2001 ജനുവരി 1ന് സംച്ഛോതാ എക്‌സ്പ്രസ്സ് ബന്ധം മുറിഞ്ഞു.തുടര്‍ന്ന് 2004ലെ മറ്റൊരു ജനുവരിയിലെ 15-ാം തിയതി വീണ്ടും ഡല്‍ഹി-ലാഹോര്‍ പാതയില്‍ ചൂളംവിളി മുഴങ്ങി. എന്നാല്‍ 2007 ഡിസംബറിലെ 27 തണുപ്പില്‍  മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടതോടെ ഇരുരാജ്യങ്ങളും പ്രമുഖ വ്യക്തികളുടെ സുരക്ഷാദൃഷ്ടിയിലും ഭീകരാക്രമണസാധ്യതയാലും യാത്ര നിര്‍ത്തിവച്ചു.

ഭീകരര്‍ക്ക് തീവണ്ടി സഹായമാണെന്ന് തെളിയിക്കും വിധമാണ് 2012 ഒക്ടോബര്‍ 8ന് ഡല്‍ഹിയിലേയ്ക്കുള്ള ട്രെയിനില്‍നിന്ന് 100കിലോ ഹെറോയിനും 500 റൗണ്ട് തിരകളും പിടിച്ചു. ഈ വര്‍ഷം ഫെബ്രുവരി 28ന് ഭാരതത്തിന്റെ ഭാഗത്തുനിന്നു നിര്‍ത്തിയ യാത്ര ഈ മാസം 8-ാം തിയതി ജമ്മുകശ്മീര്‍ 370-ാം വകുപ്പിന്റെ പേരില്‍ പാക്കിസ്ഥാനും വേണ്ടന്നു വച്ചിരിക്കുകയാണ്.

ലോകത്തില്‍ രാജ്യങ്ങളുടെ അതിര്‍ത്തികളെ കടന്ന് പോകുന്ന തീവണ്ടികളില്‍ വിനോദ സഞ്ചാരികളാണെങ്കില്‍ ഭാരത-പാക് യാത്രയില്‍ അത് ബ്രിട്ടീഷുകാരന്റെ കുതന്ത്രങ്ങളാല്‍ നട്ടുനനച്ചുവളര്‍ത്തിയ മതഭീകരതയാല്‍ വീര്‍പ്പുമുട്ടുന്ന രണ്ടു ജനതയാണ്. അതേ ഭീകരതകൊണ്ട് അന്നംകഴിക്കുന്ന പാകിസ്ഥാനിലെ ഭരണകൂടങ്ങള്‍ക്കിടയില്‍ വീര്‍പ്പുമുട്ടുന്ന ഒരു വിഭാഗം ജനതയ്ക്ക് ഇന്ത്യന്‍ മണ്ണ് ബന്ധുജനങ്ങളുടേതാണ്. അതേ സമയം എന്നും സ്വന്തം മണ്ണിന്റെ ഭാഗമായിട്ടും ഒന്നിച്ചിലയിട്ടുണ്ണാന്‍ വിധിയില്ലാത്ത ഭാരത ജനതയും അവരുടെ പിതാമഹന്മാരുടെ സ്്മരണകളുറങ്ങുന്നിടങ്ങളിലേയ്ക്കാണ് അതിര്‍ത്തികടന്ന് പോകേണ്ടത്. ഒപ്പം വലിയൊരു വിഭാഗം സിഖ് വംശജര്‍ക്ക് അവരുടെ ഗുരുപരമ്പരയുടെ സമാധിഭൂമികളെല്ലാം സിന്ധുനദിക്കപ്പുറമാണ്.

ഭാരതത്തിന് സ്വന്തം സുരക്ഷ ഉറപ്പാക്കിയേ പറ്റൂ, പാകിസ്ഥാനാണെങ്കില്‍ ഭീകരതയില്ലാതെ വിദേശപണംപോലും കിട്ടില്ല. ഇതിനിടെ ഇരുരാജ്യങ്ങളിലെയും സാംസ്‌കാരിക ജനത സമാധാനത്തിന്റെ ചൂളംവിളിക്ക് കാതോര്‍ക്കുകയാണ്. തീവണ്ടിയുടെ ശക്തിയെ കുതിരശക്തികൊണ്ടാണ് ഗണിക്കുന്നതെങ്കില്‍ ഭാരതത്തിന്റെ ഭരണയന്ത്രത്തിന്റെ ധാര്‍മികതയുടെ കുതിരശക്തിക്കേ ഒന്ന് ചൂളം വിളിക്കാനെങ്കിലുമുള്ള ശേഷിയുള്ളു എന്നതാണ് കാലം തെളിയിക്കുന്നത്. അതിര്‍ത്തിയില്‍ മുള്ളുവേലികള്‍ക്കിരുവശത്തും ചുടുകണ്ണീര്‍ പൊഴിക്കുന്നത് പുതുതലമുറയല്ല, വിഭജനം അനുഭവിച്ച വാര്‍ധക്യത്തിന്റെ കനത്തചുളിവുകളും വെളിച്ചംകുറഞ്ഞുവരുന്ന കണ്ണുകളുമാണ്.

48 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close