മലപ്പുറം: സേവന പ്രവര്‍ത്തനങ്ങളുമായി ദുരന്തഭൂമിയില്‍ സജീവമാവുകയാണ് സേവാഭാരതി. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരാണ് മലപ്പുറം നിലമ്പൂരിലും പരിസര പ്രദേശത്തുമുള്ള പ്രളയ ദുരന്തമേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. സേവാഭാരതിയുടെ വണ്ടൂരിലെ പ്രധാന സംഭരണകേന്ദ്രവും നാളെ രാവിലെ മുതല്‍ സജീവമാകും.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സേവാഭാരതിയുടെ മലപ്പുറം ജില്ലയിലെ പ്രധാന സംഭരണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് വണ്ടൂരിലാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ രാവിലെ മുതല്‍ ഇവിടെ പ്രവര്‍ത്തകര്‍ സജീവമായിരുന്നു. ഓരോ വീടുകളും പരിശോധിച്ച് അര്‍ഹമായ വീടുകളിലേക്കാണ് സാമഗ്രികള്‍ വിതരണം ചെയ്യുന്നത്. കൃത്യമായ കണക്കുകള്‍ സൂക്ഷിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മലപ്പുറം ജില്ലയില്‍ വണ്ടൂര്‍, ചുങ്കത്തറ, നിലമ്പൂര്‍ എന്നിവിടങ്ങളിലാണ് സേവാഭാരതിയുടെ സംഭരണ കേന്ദ്രങ്ങള്‍. പ്രളയം ബാധിച്ച മേഖലകളില്‍ വിവിധ ഘട്ടങ്ങളിലായാണ് സേവാഭാരതിയുടെ പ്രവര്‍ത്തനം നടക്കുന്നത്. തുടക്കത്തില്‍ ദുരന്ത ഭൂമിയിലെത്തി നടത്തിയ സേവനങ്ങള്‍ക്കു പുറമേ പിന്നീട് വെള്ളം നിറഞ്ഞ വീടുകള്‍ ശുചീകരിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കും സേവാഭാരതി നേതൃത്വം നല്കി.
പ്രളയത്തിന് ഇരയായവര്‍ക്ക് അവശ്യവസ്തുക്കളെത്തിക്കുന്നതിന്റെ തിരക്കിലാണിപ്പോള്‍ സേനാഭാരതി. സന്നദ്ധ പ്രവര്‍ത്തകരും വിവിധ കൂട്ടായ്മകളും ഭക്ഷ്യവസ്തുക്കളെത്തിച്ച് സേവാഭാരതിയെ സഹായിക്കുന്നുണ്ട്.