എറണാകുളം : യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വധശ്രമക്കേസ് പ്രതിയായ അമറിന്റെയും, പിഎസ്സി പരീക്ഷാത്തട്ടിപ്പ് കേസിലെ നാലാം പ്രതി സഫീറിന്റെയും ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം.
മുന്‍കൂര്‍ ജാമ്യം തേടി സൂപ്രീം കോടതിയില്‍പ്പോയ മുന്‍ കേന്ദ്രമന്ത്രിയടക്കം അറസ്റ്റിലായി. എന്നിട്ടും ഈ കേസിലെ പ്രതികളെ പിടിക്കാന്‍ പോലീസ് മടിക്കുന്നത് എന്തിനെന്നായിരുന്നു കോടതി ചോദിച്ചത്. പ്രതികള്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധികള്‍ ആണെങ്കില്‍ ഈ സമീപനമായിരിക്കുമോ പോലീസ് സ്വീകരിക്കുകയെന്നും കോടതി ചോദിച്ചു. കുറ്റത്തിന്റെ ഗൗരവമാണ്, അല്ലാതെ സാങ്കേതികതയല്ല കണക്കിലെടുക്കേണ്ടതെന്നും, സഹപാഠിയെ കുത്തിയ കേസിലെ പ്രതിയെ സമൂഹത്തില്‍ തുറന്നു വിടുന്നത് ആപത്താണെന്നും കോടതി ചൂണ്ടിക്കാട്ടി.
യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കള്‍ പ്രതികളായ പി എസ് സി
പരീക്ഷാത്തട്ടിപ്പു കേസിലും കോടതി വിമര്‍ശനം ഉന്നയിച്ചു. സമൂഹത്തില്‍ പി എസ് സിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. ഉന്നത ബന്ധങ്ങള്‍ ഉള്ളവര്‍ക്കു ചോദ്യ പേപ്പറും ഉത്തരവും ഉയര്‍ന്ന മാര്‍ക്കും ലഭിക്കുന്ന അവസ്ഥയാണ്. പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ എത്തിയതെങ്ങനെയെന്നും കോടതി ചോദിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയുണ്ടെന്ന് കരുതി അറസ്റ്റിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.