വയനാട് : ബാണാസുര സാഗര്‍ അണക്കെട്ട് വീണ്ടും തുറക്കും. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലാണ് അണക്കെട്ട് വീണ്ടും തുറക്കുന്നത്. സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളമാണ് അണക്കെട്ടില്‍ നിന്ന് ഒഴുക്കി വിടുക . 775.6 മീറ്ററാണ് അണക്കെട്ടിന്റെ സംഭരണശേഷി. വൃഷ്ടി പ്രദേശത്ത് മഴ പെയ്യുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് 774.35 മീറ്ററായി ഉയര്‍ന്നിട്ടുണ്ട്. ജല നിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഡാമിന്റെ സുരക്ഷയെക്കരുതിയാണ് അണക്കെട്ട് വീണ്ടും തുറക്കുന്നത്.
സ്പില്‍വേ ഷട്ടറുകള്‍ നാളെ ഉച്ചയ്ക്ക് 12 മണിയോടെ തുറക്കുമെന്ന് ഡാം അധികൃതര്‍ അറിയിച്ചു. അണക്കെട്ടിന്റെ സമീപ പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കില്‍ മാറിത്താമസിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ബാണസുര സാഗര്‍ അണക്കെട്ട് നേരത്തെയും തുറന്നിരുന്നു. ജല നിരപ്പ് 773.9 മീറ്ററായി ഉയര്‍ന്ന സാഹചര്യത്തിലാണ് അണക്കെട്ട് തുറന്നത്.
അതേ സമയം കോഴിക്കോട് ജില്ലയില്‍ മഴ ഇപ്പോഴും തുടരുന്നതിനാല്‍ കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഒരടി വീതം തുറക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്കി. അണക്കെട്ടിലെ ജല നിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുള്ളതിനാലാണ് ഷട്ടറുകള്‍ തുറക്കുന്നത്.