ഇടുക്കി: പ്രളയക്കെടുതിയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ട മേഖലയാണ് മാങ്കുളം ഗ്രാമ പഞ്ചായത്ത്. പ്രദേശത്തെ റോഡ് ഗതാഗതം ഇതുവരെ പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. നല്ലതണ്ണിപുഴ കരകവിഞ്ഞതോടെ ആനക്കുളം റോഡില്‍ നിന്നും ആറാംമൈല്‍, അമ്പതാംമൈല്‍ മേഖലയിലേയ്ക്കുള്ള റോഡ് അരകിലോമീറ്ററോളം പൂര്‍ണ്ണമായി ഒലിച്ചുപോയി. ഇതോടെ ഈ മേഖലയിലെ രണ്ടായിരത്തോളം വരുന്ന കുടുംബങ്ങളും സിങ്കുകുടി, പാറക്കുടി, കള്ളക്കുട്ടികുടി തുടങ്ങിയ ആദിവാസി മേഖലകളും ഒറ്റപ്പെട്ടു.
മണ്ണിടിച്ചില്‍ റോഡിന്റെ പലഭാഗങ്ങളും തകര്‍ന്നതോടെ പ്രദേശത്തെ ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. വാഹനം പുറത്തേക്ക് എത്തിക്കാന്‍ കഴിയാത്തതിനാല്‍ ടാക്സി തൊഴിലാളികളും ഉപജീവന മാര്‍ഗ്ഗം വഴിമുട്ടി പട്ടിണിയുടെ നടുവിലാണ്. ശക്തമായ മഴവെള്ളപ്പാച്ചിലില്‍ കവിതക്കാട് മേഖലയിലെ പാലം ഒലിച്ചു പോയതോടെ കുട്ടികളുടെ പഠനം പോലും മുടങ്ങുന്ന അവസ്ഥയിലാണ്.
പ്രദേശത്തെ ആളുകള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടുന്നതിന് താല്‍ക്കാലികമായി നാട്ടുകാര്‍ ചേര്‍ന്ന് മണ്‍റോഡ് വെട്ടിയുണ്ടാക്കിയെങ്കിലും ഇതുവഴിയുള്ള യാത്ര ദുഷ്കരമാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാങ്കുളത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.