ബേസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ഭാരതീയ താരങ്ങള്‍ക്ക് ജയവും തോല്‍വിയും. പുരുഷന്മാരുടെ മത്സരത്തില്‍ ലോക 19-ാം നമ്പര്‍ സായ് പ്രണീത് 8-ാം നമ്പര്‍ താരം ആന്റണി സിനുസ്‌കയെ തോല്‍പ്പിച്ചപ്പോള്‍ മലയാളി പ്രതീക്ഷയായിരുന്ന പ്രണോയ് പുറത്തായി. വനിതകളുടെ പോരാട്ടത്തില്‍ അഞ്ചാം നമ്പര്‍താരം പി.വി.സിന്ധു ക്വാര്‍ട്ടറിലേയ്‌ക്ക് മുന്നേറിയപ്പോള്‍ സൈന പൊരുതി വീണു.
പ്രീക്വാര്‍ട്ടറില്‍ പ്രതീക്ഷയായിരുന്ന എച്ച് എസ് പ്രണോയ് ജപ്പാന്റെ കെന്റോ മൊമോട്ടയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോറ്റത്. 56 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ 19-21,12-21 എന്ന സ്‌ക്കോറിനാണ് ലോക ഒന്നാം നമ്പര്‍ താരത്തിന് മുന്നില്‍ കീഴടങ്ങിയത്. എന്നാല്‍ സായ് പ്രണീത് ലോക 8-ാം നമ്പര്‍ ആന്റണി സിനുസ്‌കയെ 21-19,21-13ന് അട്ടിമറിച്ച് ക്വാര്‍ട്ടറില്‍ കയറി.
വനിതകളില്‍ കിരീട സാധ്യത കല്‍പ്പിക്കുന്ന പി.വി.സിന്ധു നേരിട്ടുള്ള ഗെയിമുകള്‍ക്ക് അമേരിക്കന്‍ താരം സാംഗിനെ 21-14, 21-6ന് തോല്‍പ്പിച്ചപ്പോള്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സൈന നെഹ്‌വാള്‍ മൂന്ന് ഗെയിമുകള്‍ നീണ്ട കനത്തപോരാട്ടത്തിനൊടുവില്‍ ഡെന്‍മാര്‍ക്കിന്റെ മിയാ ബ്ലിച്ച്‌ഫെല്‍റ്റിനോട് 15-21, 27-25, 21-12 അടിയറ പറയുകയായിരുന്നു.
ക്വാര്‍ട്ടറില്‍ സായ്പ്രണീതിന്റെ എതിരാളി മൊമോട്ടയാണ് ,പി.വി.സിധുവിന്റെ പോരാട്ടം അമേരിക്കയുടെ സാങ് ബീവെന്നിനോടാണ്.















