ആന്റിഗ്വ: വിദേശ മണ്ണില്‍ രാജ്യത്തിന് ഏറ്റവും അധികം ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ച ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡ് ഇനി കോഹ്‌ലിക്ക് സ്വന്തം. സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡാണ് കോഹ്‌ലി മറികടന്നത്.
ഇന്ത്യയ്‌ക്ക് പുറത്ത് 28 മത്സരങ്ങളില്‍ 11 ജയം ഇന്ത്യയ്‌ക്ക് സമ്മാനിച്ച് ഗാംഗുലിയുടെ റെക്കോര്‍ഡാണ് കോഹ്‌ലി മറി കടന്നത്. 26 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച കോഹ് ലി 12-ലും വിജയം നേടിയിരുന്നു. വിദേശ മണ്ണില്‍ നായകനെന്ന നിലയില്‍ കോഹ്ലി നേടുന്ന 12-ാമത്തെ വിജയമാണിത്.
അതേസമയം, ഇന്ത്യയ്‌ക്കായി ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ജയം സമ്മാനിച്ച റെക്കോര്‍ഡിനൊപ്പമെത്താനും കോഹിലിക്ക് സാധിച്ചു. മുന്‍ നായകന്‍ എംഎസ് ധോണിയുടെ റെക്കോര്‍ഡിന് ഒപ്പമാണ് ഇപ്പോള്‍ കോഹ്‌ലി. രണ്ടുപേര്‍ക്കും 27 വിജയങ്ങളാണ് ഇപ്പോഴുള്ളത്. കോഹ് ലി 47 മത്സരങ്ങളില്‍ നിന്നും ധോണി 60 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നുമാണ് ഇന്ത്യയ്‌ക്ക് വിജയം നേടിയത്.

വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതോടെയാണ് കോഹ് ലി സുവര്‍ണ നേട്ടം കൈവരിച്ചത്. ആന്‍ിഗ്വയില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ 318 റണ്‍സിനാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തത്.
419 റണ്‍സ് വിജയലക്ഷ്യവുമായി കളിക്കളത്തില്‍ ഇറങ്ങിയ വിന്‍ഡീസിനെ വെറും 100 റണ്‍സില്‍ ഇന്ത്യ ഒതുക്കുകയായിരുന്നു. വന്‍ വിജയം കണ്ട് കളത്തിലിറങ്ങിയ വിന്‍ഡീസ് 15 റണ്‍സില്‍ അഞ്ച് വിക്കറ്റ് നഷ്ടമായതോടെ തോല്‍വി മണത്തിരുന്നു.
അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയുടെ മിന്നുന്ന പ്രകടനമാണ് ഇന്ത്യയ്‌ക്ക് വിജയം എളുപ്പമാക്കിയത്. കൂടെ ഷമിയുടേയും ഇഷാന്തിന്റേയും പിന്തുണ കൂടി ലഭിച്ചപ്പോള്‍ ഇന്ത്യയുടെ വിജയം പൂര്‍ണമായി. ഇഷാന്ത് മൂന്നും ഷമി രണ്ട് വിക്കറ്റുകളും വീഴ്‌ത്തിയതോടെ നാലാം ദിനം കളി അവസാനിച്ചു. പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് മുന്നിലാണ്.

രണ്ടാം ഇന്നിങിസില്‍ വിന്‍ഡീസിന്റെ മൂന്നു താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം തൊടാനായത്. കെമര്‍ റോച്ചാര്‍ 38 റണ്‍സെടുത്തപ്പോള്‍ കമ്മിന്‍സ് 19-തും റോസ്റ്റണ്‍ 12 റണ്‍സും നേടി. 50 റണ്‍സെടുക്കുന്നതിനിടെ വിന്‍ഡീസ് നിരയിലെ ഒന്‍പത് പേര്‍ വീണത് ശരവേഗത്തില്‍.
102 റണ്‍സെടുത്ത രഹാനെയുടേയും, 93 റണ്‍സെടുത്ത വിഹാരിയുടേയും, 51 റണ്‍സെടുത്ത കോഹ്ലിയുടെയും മികവില്‍ 343 റണ്‍സിന്റെ നേട്ടത്തിലാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്.















