ബേസല്‍: കടുത്ത ദേഷ്യവും സങ്കടവും രണ്ടുവര്‍ഷമായി അടിച്ചേല്പിച്ചവരുടെ വിമര്‍ശനങ്ങള്‍ക്കുള്ള തന്റെ മറുപടിയാണ് ഈ ലോകകിരീടമെന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു പറഞ്ഞു. ‘ഏതു പോരാട്ടവേദിയിലെത്തുമ്പോഴും ലോകചാമ്പ്യന്‍ഷിപ്പ് കിരീടത്തിന്റെ പടിവാതിക്കലെത്തി മടങ്ങുന്ന കാര്യം നിരന്തരം പറഞ്ഞുകൊണ്ടിരുന്ന ഒരുകൂട്ടരുണ്ടെന്നും അവര്‍ക്കുള്ള ഉത്തരമാണിതെന്നും സിന്ധു വ്യക്തമാക്കി. റിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ നേട്ടത്തിന് ശേഷം കായികലോകം എന്നില്‍ വലിയ പ്രതീക്ഷയാണര്‍പ്പിച്ചിരുന്നത്.’ ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ വെബ് സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ് സിന്ധു തന്റെ മനോവിഷമം തുറന്നുപറഞ്ഞത്.
തുടര്‍ച്ചയായി രണ്ടുതവണ ഫൈനലില്‍ കാലിടറിയ സിന്ധുവിന്റെ 2017ലെ ഫൈനലില്‍ നൊസോമി ഓകുഹാരയോടുള്ള മധുരപ്രതികാരമാണ് ലോകബാഡ്മിന്റണ്‍ വനിതാ കിരീടം. ആദ്യമായാണ് ഈ കിരീടം ഭാരതത്തിലേയ്‌ക്ക് എത്തുന്നത്. 2013ലും14ലും വെങ്കലം നേടിയ സിന്ധു 2017ലും18ലും ഫൈനലില്‍ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു .എന്തൊക്കെയായാലും ഈ കിരീടനേട്ടം തന്റെ പ്രേരണയായ അമ്മയ്‌ക്കുള്ള പിറന്നാള്‍ സമ്മാനമായി സമര്‍പ്പിക്കുന്നുവെന്ന് സിന്ധു മെഡല്‍ സ്വീകരിച്ചുകൊണ്ട്ു പറഞ്ഞു.
അതിതീവ്ര അക്രമണരീതിയിലൂടെയാണ് 21-7, 21-7ന് ഏറെ പ്രശസ്തയായ ജപ്പാന്‍ താരം ഓകുഹാരയെ സിന്ധു തകര്‍ത്തത്. തുടക്കത്തില്‍ കളിയ്‌ക്ക് വേഗതനേടാന്‍ കഴിയാതെ ആദ്യഗെയിമുകള്‍ കൈവിടുന്ന പിഴവുകള്‍ പൂര്‍ണ്ണമായും നികത്തുന്ന പ്രകടനമാണ് സിന്ധു ഇത്തവണ നടത്തിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രധാനപ്പെട്ട 4 ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായി മടങ്ങേണ്ടിവന്ന സിന്ധുവിനെ തളര്‍ത്തിയ നിരവധി വിലയിരുത്തലുകള്‍ പലമേഖലകളില്‍ നിന്നുയരുകയും ചെയ്തിരുന്നു.
ലോകകിരീടത്തോടെ മുന്‍ ഒളിമ്പിക് ചാമ്പ്യന്‍ ചൈനയുടെ സാംഗ് നിംഗിന്റെ 2001-2007ലെ ഒരു സ്വര്‍ണം,2 വെള്ളി, 2വെങ്കലം എന്ന നേട്ടത്തിനൊപ്പമെത്തി നില്‍ക്കുകയാണ് ഭാരത താരം.2020ലെ ടോക്കിയോ ഒളിമ്പിക്‌സിന് മുന്നോടിയായി ജപ്പാന്‍ സൂപ്പര്‍ താരത്തെതന്നെ തോല്‍പ്പിച്ചു എന്നതും സിന്ധുവിന് വലിയ ആത്്മവിശ്വാസമാണുനല്‍കുന്നത്.















