Special

മരിച്ചെന്ന് കരുതി ഉപേക്ഷിച്ച കുഞ്ഞ് ; ബന്ധു കണ്ടെത്തിയതോടെ പുനര്‍ജ്ജന്മം ; ഇന്ന് കോന്‍ ബനേഗ ക്രോര്‍പതിയിലെ താരം

ലക്‌നൗ: മരണം ഉറപ്പിച്ച് ഡോക്ടര്‍മാര്‍പോലും ചവറ്റുകുട്ടയില്‍ വലിച്ചെറിയാന്‍ പറഞ്ഞപ്പോള്‍ അവരാരും വിചാരിച്ചുകാണില്ലാ അവളുടെ തിരിച്ചുവരവ് ലക്ഷാധിപതിയായിട്ടാകുമെന്ന്. ഡോക്ടര്‍മാരുടെ ഒരു നിമിഷത്തെ അശ്രദ്ധയാല്‍ ശാരീരികവും മാനസികവുമായ അവശതകളിലേക്ക് ആ പെണ്‍കുട്ടി തള്ളപ്പെട്ടു. ഇന്ന് ഇരുപത്തിയൊന്‍പത് വര്‍ഷത്തിന് ശേഷം പ്രമുഖ ടെലിവിഷന്‍ പരിപാടിയായ ‘കോന്‍ ബനേഗ ക്രോര്‍പതിയിലൂടെ’ നുപൂര്‍ സിംഗ് എന്ന ആ പെണ്‍കുട്ടി 12.5 ലക്ഷം രൂപയാണ് കരസ്ഥമാക്കിയത്.

ഉന്നാവോ ജില്ലയിലെ ബിഗാപൂര്‍ സ്വദേശിയായ നുപൂര്‍ സിംഗ് ഒരു സാധാരണ കര്‍ഷക കുടുംബത്തിലെ അംഗമാണ്. ജനിച്ചയുടനെ ഡോക്ടര്‍മാരുടെ അവഗണന ഏറ്റുവാങ്ങേണ്ടി വന്ന പെണ്‍കുട്ടിയാണ് നുപൂര്‍. മരണം സ്ഥിരീകരിച്ച ഡോക്ടര്‍മാര്‍ നവജാത ശിശുവിന് നല്‍കേണ്ട പരിചരണങ്ങളൊന്നും തന്നെ നുപൂര്‍ സിംഗിന് നല്‍കിയിരുന്നില്ല. എന്നാല്‍ ജീവന്റെ കണിക ബാക്കിയുണെന്ന് തിരിച്ചറിഞ്ഞ ബന്ധുവാണ് നുപൂറിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

ജന്മനാ ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യങ്ങളുണ്ടായിരുന്നെങ്കിലും നുപൂര്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു. തന്റെ കുറവുകളെ ആത്മബലം കൊണ്ട് കീഴടക്കിയ അവള്‍ ആദ്യ ശ്രമത്തില്‍ തന്നെ ബിഎഡ് പരീക്ഷ പാസ്സായി.ഇന്ന് പത്താം തരത്തിലെ കുട്ടികള്‍ക്ക് അറിവു പകരുന്ന അവരുടെ പ്രിയ അധ്യാപികയാണ് നുപൂര്‍ സിംഗ്. സൗജന്യമായാണ് നുപൂര്‍ കുട്ടികള്‍ക്ക് ക്ലാസ്സെടുക്കുന്നത്.

അവളുടെ ആഗ്രഹപ്രകാരം തന്നെയാണ് അമിതാഭ് ബച്ചന്‍ നയിക്കുന്ന ‘കോന്‍ ബനേഗ ക്രോര്‍പതി’ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ എത്തുന്നത്. തുടക്കം മുതല്‍ക്കെ മികച്ച പ്രകടനം കാഴ്ചവെച്ച നുപൂര്‍ 12 ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്‍കി 12.5 ലക്ഷം രൂപ സ്വന്തമാക്കി.

മകളുടെ നേട്ടം ടിവിയിലൂടെ കണ്ട് കണ്ണു നിറയുമ്പോഴും ആ അമ്മ പറയുന്നുണ്ടായിരുന്നു അവളുടെ ശാരീരിക വെല്ലുവിളികള്‍ക്ക് ഉത്തരവാദികളായ ഡോക്ടര്‍മാരോട് ഒരു വിരോധവുമില്ലായെന്ന്.ഇത് അവളുടെ വിധിയായിരുന്നുവെന്നും അതില്‍ ആരെയും കുറ്റപ്പെടുത്തില്ലായെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. ഇന്ന് നുപൂര്‍ സിംഗ് നാട്ടിലെ താരമാണ്. അവളെ കാണുവാനും അഭിനന്ദിക്കാനുമുള്ള തിരക്കിലാണ് ബിഗാപൂര്‍ ഗ്രാമം. കുറവുകളില്‍ ഒതുങ്ങി ജീവിക്കാനല്ല കുറവുകളെ അതിജീവിക്കാനുള്ള സന്ദേശമാണ് നുപൂര്‍ നല്‍കുന്നത്.

243 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close