നീണ്ട 60 വര്‍ഷത്തെ ക്രിക്കറ്റ് കരിയറിനൊടുവില്‍ വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ സെസില്‍ റൈറ്റ് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇതിഹാസ താരം സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനും ജോയല്‍ ഗാര്‍നര്‍ക്കുമൊപ്പം കളിച്ച സെസില്‍ റൈറ്റ് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ നിലവിലുള്ള കളിക്കാരില്‍ ഏറ്റവും പ്രായം കൂടിയ താരമായി അദ്ദേഹം മാറി. ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന കളിക്കാരില്‍ ഏറ്റവും പ്രായം കൂടിയ താരവും 85 കാരനായ സെസില്‍ റൈറ്റാണ്.
വെസ് ഹാള്‍, സര്‍ ഗാര്‍ഫീല്‍ഡ്‌സ് എന്നീ ഇതിഹാസ താരങ്ങള്‍ക്കൊപ്പമാണ് സെസില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഫസ്റ്റ് ക്ലാസില്‍ ബാര്‍ബഡോസിനെതിരെ ജമൈക്കക്ക് വേണ്ടിയാണ് സെസില്‍ ആദ്യമായി കളത്തിലിറങ്ങിയത്. 1959ല്‍ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോവുകയും സെന്‍ട്രല്‍ ലങ്കാഷയര്‍ ലീഗില്‍ ക്രോംപ്ടണിനായി കളിക്കുകയും ചെയ്തു. 1962ല്‍ അദ്ദേഹം ഇംഗ്ലണ്ടില്‍ സ്ഥിര താമസക്കാരനാക്കുകയും പ്രൊഫഷണല്‍ ക്രിക്കറ്റ് കളിക്കാരനായി മാറുകയുമായിരുന്നു.
തന്റെ നീണ്ട കരിയറില്‍ 7000 വിക്കറ്റുകള്‍ സെസില്‍ നേടിയിട്ടുണ്ട്. അഞ്ച് സീസണുകളില്‍ നിന്ന് 538 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി. 1977 ല്‍ ആഷസില്‍ ഓസ്ട്രേലിയയ്‌ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുമ്പോള്‍ സെസില്‍ റൈറ്റിന് 49 വയസ്സായിരുന്നു എന്നതാണ് ശ്രദ്ധേയം.
”എന്റെ ദീര്‍ഘായുസ്സിന്റെ കാരണം എന്താണെന്ന് എനിക്കറിയാം. പക്ഷേ അത് എന്താണെന്ന് വെളിപ്പെടുത്താന്‍ കഴിയില്ല, സത്യം പറഞ്ഞാല്‍, കഴിക്കാന്‍ കഴിയുന്ന എന്തും ഞാന്‍ കഴിക്കുന്നു, പക്ഷേ താന്‍ അധികം മദ്യപിക്കാറില്ല, വല്ലപ്പോഴും മാത്രം ബിയര്‍ കഴിക്കും” അദ്ദേഹം പറഞ്ഞു.
‘ഇക്കഴിഞ്ഞ ദിവസങ്ങളില്‍ എന്റെ പ്രായം പരിശീലനത്തില്‍ നിന്ന് മാറി നില്‍ക്കാനുള്ള ഉപാധിയായി കണ്ടിരുന്നു. എങ്കിലും ഞാന്‍ ആരോഗ്യവാനായിരിക്കും. ക്രിക്കറ്റില്‍ സജീവമായി തുടരുന്നത് ശാരീരികമായ വേദനകളെ ലഘൂകരിക്കാന്‍ സഹായിക്കുന്നുവെന്നും വീട്ടില്‍ ശരീരമനങ്ങാതെ ഇരിക്കുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.















