കൊളംബോ: പാകിസ്ഥാനില്‍ നടത്താനിരുന്ന ഏകദിന ട്വന്റി20 മത്സരങ്ങളില്‍ നിന്നും പിന്‍മാറി ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം. മത്സരത്തിന് പാകിസ്ഥാനിലേക്ക് പോകാന്‍ ശ്രീലങ്കന്‍ താരങ്ങള്‍ വിമുഖത പ്രകടിപ്പിച്ചു രംഗത്തു വന്നു. ഇതോടെ സ്വന്തം നാട്ടില്‍ ശ്രീലങ്കയ്‌ക്കെതിരായി ഏകദിന ട്വന്റി20 മത്സരങ്ങള്‍ കളിക്കാനുള്ള പാകിസ്ഥാന്റെ ആഗ്രഹം ഇല്ലാതായി.
പാകിസ്ഥാനില്‍ പോകുന്നത് സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലങ്കന്‍ ടീം കളിയില്‍ നിന്നും പിന്‍മാറിയത്. ഓള്‍റൗണ്ടര്‍ തിസാര പെരേര, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നിരോഷന്‍ ഡിക്കവല്ല തുടങ്ങിയവര്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചു രംഗത്തു വന്നിരുന്നു.
ഈ വര്‍ഷം സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടത്താനിരുന്ന പരമ്പരകളില്‍ നിന്നാണ് ടീം പിന്‍മാറിയത്. മൂന്ന് ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളും കളിക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ധാരണയിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് ടീം അംഗങ്ങള്‍ എതിര്‍പ്പ് അറിയിക്കുകയായിരുന്നു. എന്നാല്‍ ഇതേ സമയത്ത് നടക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കാന്‍ ഇരുവരും ബോര്‍ഡിനോട് അനുമതി തേടിയിട്ടുണ്ട്.
2009ല്‍ പാകിസ്ഥാനില്‍ പരമ്പരയ്‌ക്ക് എത്തിയ ശ്രീലങ്കന്‍ ടീമിനെതിരെ ഭീകരാക്രമണം ഉണ്ടായിരുന്നു. ഇതിന് ശേഷം പ്രമുഖ ടീമുകളൊന്നും പാകിസ്ഥാനില്‍ കളിക്കാനെത്തിയിട്ടില്ല. ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ മഹേള ജയവര്‍ധനെ ഉള്‍പ്പെടെയുള്ളവര്‍ തലനാരിഴയ്‌ക്കാണ് പരുക്കേല്‍ക്കാതെ അന്നു രക്ഷപ്പെട്ടത്.















