ന്യൂയോര്‍ക്ക്: സ്വിസ്സ് താരം റോജര്‍ ഫെഡറര്‍,നിലവിലെ ഒന്നാം നമ്പർ ഡോക്കോവിച്, വനിതകളിൽ സെറീന വില്യംസ് എന്നിവർ യു എസ് ഓപ്പണിന്റെ നാലാം റൗണ്ടില്‍ കടന്നു. മുൻ ചാമ്പ്യൻ വാവ്‌റിങ്കയും നാലാം റൗണ്ടിൽ കടന്ന പ്രമുഖതാരങ്ങളിൽ പെടുന്നു .
ബ്രിട്ടീഷ് താരം ഡാന്‍ ഇവാന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെഡറര്‍ അടുത്ത റൗണ്ടിലെത്തിയത്. ഇവാന്‍സിനെതിരെ 6-2, 6-2, 6-1 എന്ന സ്‌കോറിനായിരുന്നു ഫെഡററുടെ ജയം.നിലവിലെ ഒന്നാം സീഡ് ഡോക്കോവിച് നേരിട്ടുള്ള സെറ്റുകൾക്ക് 6-3,6-4,6-2 അമേരിക്കയുടെ ഡെന്നിസ് കുടലയെ തോല്പിച്ചപ്പോൾ, മുൻ ചാമ്പ്യൻ വാവറിങ്കയാകട്ടെ 6-4,7-6,7-6 ന് ഇറ്റലിയുടെ ലോറെൻസിയോട് ജയിക്കാൻ നന്നായി വിയർക്കേണ്ടിവന്നു .അതേസമയം, ഏഴാം സീഡ് ജപ്പാന്റെ കീ നിഷികോറി മൂന്നാം റൗണ്ടില്‍ തോറ്റ് പുറത്തായി. ഓസ്‌ട്രേലിയയുടെ 20കാരന്‍ അലക്‌സ് ഡി മിനൗരാണ് 6-2, 6-4, 2-6, 6-3നു നിഷികോറിയെ അട്ടിമറിച്ചത് .
വനിതകളില്‍ സെറീന 6-3,6-2 നു ചെക് റിപ്പബ്ലിക്കിന്റെ കരോലിന മുചൊവ്വയെ കീഴടക്കി നാലാം റൗണ്ടിൽ കടന്നപ്പോൾ ,നിലവിലെ അഞ്ചാം സീഡ് എലീന വിറ്റൊലിന സ്വന്തം നാട്ടുകാരി യസ്റ്റെംസ്കയെ 6-2,6-0 അനായാസം മറികടന്ന് നാലാം റൗണ്ടിൽ കടന്നു .മറ്റു മത്സരങ്ങളിൽ പ്ലിസ്‌കോവ 1-6, 6-4, 4-6ന് ടൂനീഷ്യയുടെ ഒന്‍സ് ജബേറിനെ പരാജയപ്പെടുത്തി. 12ാം സീഡ് അനസ്താസിയ സെവറ്റോവ മൂന്നാം റൗണ്ടില്‍ പരാജയപ്പെട്ടു. ക്രൊയേഷ്യന്‍ താരം പെട്ര മാട്രിച്ച് 6-3,6-4 എന്ന സ്‌കോറിനാണ് ലാത്വിയന്‍ താരത്തെ തോല്‍പ്പിച്ചത്.















