തിരുവനന്തപുരം: മഴ കാരണം ഓവറുകള്‍ വെട്ടിച്ചുരുക്കിയെങ്കിലും ഇന്ത്യന്‍ യുവത്വത്തിന്റെ പോരാട്ട വീര്യത്തിനു മുന്നില്‍ ദക്ഷിണാഫ്രിക്ക എ മുട്ടുമടക്കി. മഴ മൂലം 21 ഓവറാക്കി കുറച്ച മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് ഇന്ത്യ എ ലക്ഷ്യം കണ്ടത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് കുറിച്ചിരുന്നു. എന്നാല്‍ ഇന്ത്യ 20 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ഇഷാന്‍ കിഷന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്. ഒരു ഘട്ടത്തില്‍ മൂന്നിന് 57 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. തുടര്‍ന്ന് ക്രീസിലെത്തിയ കിഷന്‍ നാല് സിക്‌സറുകളുടേയും അഞ്ച് ബൗണ്ടറികളുടേയും അകമ്പടിയോടെ 24 പന്തില്‍ കുറിച്ചത് 55 റണ്‍സ്. അന്‍മോല്‍പ്രീത് സിംഗ് (30) ശുഭ്മാന്‍ ഗില്‍ (21) എന്നിവരുടെ പ്രകടനവും കളിയില്‍ നിര്‍ണ്ണായകമായി. ക്രുനാല്‍ പാണ്ഡ്യ 15 പന്തില്‍ 23 റണ്‍സ് നേടി പുറത്താകാതെ നിന്നു.
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ജോര്‍ജ് ലിന്‍ഡെ 25 പന്തില്‍ നേടിയ 52 റണ്‍സാണ് സന്ദര്‍ശകര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബെവൂമ (40), ക്ലാസന്‍ (31), സോണ്ടോ (24) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
ഇന്ത്യക്കായി ദീപക് ചഹര്‍, ഖലീല്‍ അഹമ്മദ്, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.















