സുന്ദരമായ പന്തേറ് കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഇന്ത്യന്‍ താരം ബുംറക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടിയുമായി സുനില്‍ ഗവാസ്‌ക്കര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനിടെയായിരുന്നു ബുംറയുടെ ആക്ഷനെതിരെ സംശയം ഉന്നയിച്ച് ചിലര്‍ രംഗത്തെത്തിയത്.
ഇന്ത്യയുടെ ചരിത്രത്തില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ താരമാണ് ഇന്ത്യന്‍ പേസ് ബൗളറായ ബുംറ. മികച്ച ഫോമിലാണ് ബുംറ പന്തെറിയുന്നത്. ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം ഒരുപോലെ മികവ് തുടരുകയും ചെയ്യുന്നു.
ബുംറെയുടെ ആക്ഷന്‍ നിയമപരല്ലെന്ന ആരോപണം ഉയരുന്നുണ്ടെന്ന് കമന്റേറ്റര്‍ ഇയാന്‍ ബിഷോപ്പാണ് സൂചിപ്പിച്ചത്. ബുംറെയുടെ ആക്ഷന്‍ വ്യത്യസ്തമാണ്, എന്നാല്‍ അത് നിയമത്തിന് ഉളളില്‍ തന്നെയാണെന്നും സംശയമുള്ളവര്‍ കണ്ണാടി നോക്കട്ടെയെന്നും ബിഷോപ്പ് പറഞ്ഞു.
അതേസമയം, ബുംറെക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ വളരെ ശക്തമായാണ് സുനില്‍ ഗവാസ്‌ക്കര്‍ പ്രതികരിച്ചത്. ബുംറയുടെ ആക്ഷനെ ചോദ്യം ചെയ്യുന്നത് തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്ന് ഗവാസ്‌കര്‍ പറഞ്ഞു. ബുംറെയെ ആരാണ് സംശയിക്കുന്നത്. ബുംറയുടെ ആക്ഷന് യാതൊരു പ്രശ്നവുമില്ല, സംശയമുന്നയിക്കുന്നവര്‍ വേറെ ജോലി കണ്ടെത്തണമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.















