ന്യൂയോര്‍ക്ക്: നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ നവോമി ഒസാക്ക യുഎസ് ഓപ്പണില്‍ നിന്ന് പുറത്ത്. പ്രീകോര്‍ട്ടറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് സ്വിസ് താരം ബെലിന്‍ഡ ബെന്‍സിച്ചാണ് ഒസാക്കയെ വീഴ്‌ത്തിയത്. ഇതോടെ ബെന്‍സിച്ച് ക്വാര്‍ട്ടറില്‍ കടന്നു.
ഒസാക്കയ്‌ക്ക് മത്സരം ഒരിക്കലും വെല്ലുവിളിയായിരുന്നില്ലെന്ന് സ്വിസ് താരം ബെന്‍സിച്ച് അഭിപ്രായപ്പെട്ടു. അതേസമയം ബെന്‍സിച്ച് നന്നായി കളിച്ചെന്നും,കൃത്യമായ പ്ലാനിങ്ങിലൂടെയാണ് കളി നടപ്പാക്കിയതെന്നും ഒസാക്ക പറഞ്ഞു. ഈ വര്‍ഷം മൂന്നാം തവണയാണ് പതിമൂന്നാം സീഡായ ബെന്‍സിച്ച് ഒസാക്കയെ തോല്‍പ്പിക്കുന്നത്. നേരത്തെ ഇന്ത്യന്‍ വെല്‍സിലും, മാഡ്രിഡിലും ബെന്‍സിച്ച് ഒസാക്കയെ പരാജയപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം സെറീന വില്യംസിനെ പരാജയപ്പെടുത്തിയാണ് ഒസാക്ക് തന്റെ കന്നി കിരീടം സ്വന്തമാക്കിയത്. പ്രീ കോര്‍ട്ടിലെ തോല്‍വിയോടെ ഒസാക്കയ്‌ക്ക് ലോക ഒന്നാം നമ്പര്‍ സ്ഥാനവും നഷ്ടമാകും. അതോടെ ഓസ്‌ട്രേലിയയുടെ ആഷ് ലി ബാര്‍ട്ടി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തും.















