മാഞ്ചസ്റ്റര്‍: പരിക്കില്‍ നിന്ന് മടങ്ങിയെത്തിയ സ്റ്റീവ് സ്മിത്തിന്റെ മികച്ച ഫോം തുടരുന്നു. ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ സ്റ്റീവ് സ്മിത്ത് കരിയറിലെ 26ാം അര്‍ധസെഞ്ച്വറി നേടി. ആഷസില്‍ സ്മിത്തിന്റെ തുടര്‍ച്ചയായ എട്ടാമത്തെ 50+ സ്‌കോറാണിത്. ഈ അര്‍ദ്ധ സെഞ്ച്വറിയോടെ ആഷസില്‍ തുടര്‍ച്ചയായി എട്ട് 50+ സ്‌കോറുകള്‍ നേടുന്ന ആദ്യ ബാറ്റ്‌സ്മാനായി സ്മിത്ത് മാറി.
ഇതിനു മുന്‍പ്, ആഷസില്‍ തുടര്‍ച്ചയായ ഏഴ് തവണ 50+ സ്‌കോറുകള്‍ നേടിയ സ്വന്തം റെക്കോര്‍ഡാണ് സ്മിത്ത് തിരുത്തിക്കുറിച്ചത്. ആഷസില്‍ തുടര്‍ച്ചയായി ആറ് തവണ 50+ സ്‌കോറുകള്‍ നേടിയ മൈക്ക് ഹസ്സിയുടെ റെക്കോര്‍ഡ് സ്മിത്ത് മറികടന്നിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്കിനു ശേഷം തിരിച്ചെത്തിയ സ്മിത്ത് മികച്ച ഫോമിലാണ്. സ്മിത്തിന്റെ അവസാന എട്ട് ആഷസ് ഇന്നിംഗ്‌സ് സ്‌കോറുകള്‍ 239, 76, 102*, 83, 144, 142, 92, 60 എന്നിങ്ങനെയാണ്.
ബര്‍മിംഗ്ഹാമില്‍ നടന്ന ആദ്യ ആഷസ് ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സുകളിലും സെഞ്ച്വറിയോടെയാണ് സ്മിത്ത് തന്റെ തിരിച്ചുവരവ് ആഘോഷമാക്കിയത്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 92 റണ്‍സില്‍ നില്‍ക്കവേ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചറിന്റെ ബൗണ്‍സര്‍ കഴുത്തിലിടിച്ച് സ്മിത്തിന് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് താരത്തിന് രണ്ടാം ഇന്നിംഗിസും പിന്നാലെ മൂന്നാം ടെസ്റ്റും നഷ്ടമായിരുന്നു.















