Kerala

വാനരസേന ഇരുന്നുണ്ടു ,പഴം പായസം കൂട്ടി ആടിത്തിമിർത്തു,പിന്നെ തലകുത്തിമറിഞ്ഞു

കൊല്ലം : ഒരു ക്ഷേത്രത്തിൽ ഓണസദ്യ എന്നത് വലിയ പ്രത്യേകതയല്ല.എന്നാൽ കഴിക്കേണ്ടവർ സാക്ഷാൽ വാനര സേനയാകുമ്പോൾ അത് കണ്ണിനു വിരുന്നാകുന്നു . കൊല്ലം ജില്ലയിലെ പ്രസിദ്ധമായ ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലാണ് പരമ്പരാഗതമായി ഓണ സദ്യ വാനരന്മാർക്കു നൽകുന്നത് .ഇന്നലെ ഉത്രാടം നാളിൽ പതിവുപോലെ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തു ഭക്തരെ സാക്ഷിയാക്കി നൂറിലേറെ കാടിന്റെമക്കൾക്ക് സദ്യ വിളമ്പി.

തൂശനിലയിട്ടു ഉപ്പേരിമുതൽ ,തൊടുകറിയടക്കം സകല വിഭവങ്ങളും വിളമ്പും . തുടർന്ന് ക്ഷേത്ര ജീവനക്കാർ പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്നതോടെ അടുത്ത കാവിലും കാട്ടു വള്ളിപ്പടർപ്പിലും ഊഞ്ഞാലാടി വിശ്രമിക്കുന്ന വാനരന്മാർ കുടുംബസമേതം വരവായി .പലരും പക്ഷെ ക്ഷമകെട്ട് ഊട്ടുപുരക്ക് മുകളിൽ സ്ഥാനം പിടിച്ചിരുന്നു .അകത്തുകയറിയാൽ പിന്നെ ഓരോരുത്തരും കിട്ടുന്ന ഇലയിലെല്ലാം പരതിയാണ് കഴിക്കുക.

Loading...

തേവരുടെ തോഴർ എന്ന സ്ഥാനപ്പേരുകൂടി കിട്ടിയതിനാൽ വലിയ ഗമയിലാണ് പലരുടെയും വരവും പോക്കും .രാജഭരണകാലത്തു കിട്ടിയിരുന്നത്ര പരിഗണന ഇപ്പോൾ കിട്ടുന്നില്ല എന്ന പരിഭവം വാനര മൂപ്പന്റെ മുഖത്തുനിന്നും വായിച്ചെടുക്കാം. ദേവസ്വം ബോർഡ് വന്ന നാൾ മുതൽ ഭക്ഷണത്തിന്റെ അളവ് വെട്ടിച്ചുരുക്കിയിരുന്നു .ഭക്ഷണം മതിയാകാതെ വന്നപ്പോൾ വീടുകളിൽ ശല്യമായി ചിലരെങ്കിലും മാറിയിട്ടുണ്ട് .സമീപത്തെ ചന്തകളിൽ വാനരന്മാർ അക്രമം തുടങ്ങിയതോടെ ചന്തക്കുരങ്ങുകൾ എന്ന പേരും ചിലർ നേടിയെടുത്തിട്ടുണ്ട് .

ക്ഷേത്രത്തിൽ മതിയായ ഭക്ഷണം നൽകിയാൽ വാനരന്മാർ പുറത്തു പ്രശ്നമുണ്ടാക്കില്ല എന്ന വാദപ്രതിവാദങ്ങൾക്കിടയിലും ഓണ സദ്യകേമമായി നടക്കുകയാണ് .പായസവും പപ്പടവും പഴവും ഒരേപോലെ ഇഷ്ടമുള്ളതിനാൽ അവർ സദ്യയുണ്ടു തലകുത്തിമറിഞ്ഞാണ് മടങ്ങിയത്.

3K Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close