വയനാട് : മുത്തങ്ങയില്‍ ലഹരി ഗുളികകളുമായി രണ്ട് പേര് പിടിയില്‍. കോഴിക്കോട് സ്വദേശികളായ റെമീസ്, ജുറൈജ് എന്നിവരാണ് പിടിയിലായത്. ഓപ്പറേഷന് വിശുദ്ധിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മുത്തങ്ങ ചെക്പോസ്റ്റില്‍ വച്ച് ഇവര്‍ എക്സൈസിന്റെ പിടിയിലായത്. 145 ഗുളികകളാണ് ഇവരില്‍ നിന്നും എക്സൈസ് പിടിച്ചെടുത്തത്.
ലഹരി ഗുളികകളുമായി ഇരുവരും മൈസൂരില്‍ നിന്ന് കെഎസ് ആര്‍ടിസി ബസ്സില്‍ വരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചെക്പോസ്റ്റില്‍ പരിശോധന നടത്തിയത്. മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി എം മജുവും സംഘവുമാണ് പരിശോധന നടത്തിയത്.
ഓണം സീസണില്‍ ലഹരി വസ്തുക്കള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് എക്സൈസ് വകുപ്പ് ഓപ്പറേഷന് വിശുദ്ധി എന്ന പേരില്‍ പരിശോധന കര്‍ശനമാക്കിയത്.