കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് ഐഎസ്എൽ ആറാം സീസൺ തുടങ്ങും മുന്പേ തിരിച്ചടി. യുഎഇയിലെ പ്രീ സീസൺ പരിശീലനം പൂർത്തിയാക്കാതെയാണ് കേരള ബ്ലാസ്റ്റേഴ്സിനു തിരികെ കൊച്ചിയിലേക്ക് മടങ്ങേണ്ടി വന്നത് . ഒരു മത്സരം മാത്രമേ ടീമിനു കളിക്കാനായുള്ളു. നാല് സന്നാഹമത്സരങ്ങൾക്കും പരിശീലനത്തിനുമായാണ് ബ്ലാസ്റ്റേഴ്സ് യുഎഇയിലേക്ക് പോയത്.
സ്പോണ്സർമാരായ മിച്ചി സ്പോർട്സുമായുള്ള അഭിപ്രായ ഭിന്നതയാണ് പ്രശ്നമായത് . വാഗ്ദാനം ചെയ്ത സ്പോൺസർമാർ പറഞ്ഞുറപ്പിച്ചിരുന്ന കരാർ സൗകര്യങ്ങൾ ടീമിന് നൽകിയില്ലെന്നാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ആരോപിക്കുന്നത്. വിലപ്പെട്ട മൂന്ന് മത്സരങ്ങൾ ഉപേക്ഷിച്ചാണ് ടീമിന്റെ മടക്കം. മടക്കത്തിനിടയിലും കൊച്ചി വിമാനത്താവളത്തിൽ ആരാധകർ ടീമംഗങ്ങൾക്ക് ഗംഭീര സ്വീകരനമാണ് ഒരുക്കിയത് .
ഉടനെ കൊച്ചിയിൽ പരിശീലനം തുടങ്ങുന്ന ബ്ലാസ്റ്റേഴ്സ് ആരാധകരെ ആകർഷിക്കാനായിട്ടു സന്നാഹമത്സരങ്ങൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് .അടുത്ത മാസം ഇരുപതിന് ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ എടികെയെ കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ് നേരിടും. പുതിയ കോച്ച് എൽകോ ഷാട്ടോരിയുടെ കീഴിലാണ് ബ്ലാസ്റ്റേഴ്സ് കിരീടം നേടാനിറങ്ങുന്നത്.