കൊല്ലം: പോക്സോ കേസില്‍ പ്രതിയായ സിപിഎം നേതാവിനെ സംരക്ഷിച്ച് അഞ്ചല്‍ പോലീസ്. പെണ്‍കുട്ടി രണ്ടാനച്ഛനെതിരെ പരാതി നല്കി നാളുകള്‍ ഏറെ ആയെങ്കിലും പ്രതിയായ സിപിഎം നേതാവിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ടിയാണ് പോലീസ് ശ്രമിക്കുന്നത്.
ചൈല്‍ഡ് ലൈന്‍ മുഖേനയും അല്ലാതെയും എടുക്കുന്ന പോക്സോ കേസുകളില്‍ ഉടനടി നടപടി ഉണ്ടാവുകയും ഇരയായ കുട്ടിയെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തുന്നതുമാണ് പതിവ്. എന്നാല്‍ പരാതി നല്കി ദിവസങ്ങള്‍ ഏറെയായിട്ടും കുട്ടിയെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി മൊഴി നല്കാന് തയ്യാറാവാതെ പ്രതിയുടെ ബന്ധുക്കള്‍ മുഖേന ഒത്തുതീര്‍പ്പിനുള്ള അവസ്സരം ഒരുക്കി നല്‍കിയിരിക്കുകയാണ് പോലീസ്.
തന്റെ രഹസ്യമൊഴി മജിസ്ട്രേറ്റിന്റെ മുന്നില്‍ രേഖപ്പെടുത്താത്തത് സംബന്ധിച്ച പരാതിക്കാരിയുടെ ചോദ്യത്തിന് അന്വേഷണം നടക്കുകയാണെന്നും നോട്ടീസ് തയ്യാറാകുമ്പോള്‍ പറയാമെന്നുമാണ് അഞ്ചല്‍ സിഐ മറുപടി നല്‍കുന്നത്. മജിസ്ട്രേറ്റിന്റെ മുന്നില്‍ പീഡനത്തിനിരയായ കുട്ടിയെ ഹാജരാക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥന് തന്നെ തടസ്സം നില്കുന്നതായി പരാതികാരി പറയുന്നു.
മൊഴി രേഖപ്പെടുത്തിയ പേപ്പറില്‍ തന്നെ കൊണ്ടു ഒപ്പിടിപ്പിച്ചില്ലെന്നും അതിനു പുറമെ കേരളാ പോലീസ് എന്ന് രേഖപ്പെടുത്തിയ ബ്ലാങ്ക് പേപ്പറില്‍ ഒപ്പിട്ടു വാങ്ങിയതായും പരാതിക്കാരി പറയുന്നു. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടാനച്ഛനായ സിപിഎം നേതാവിനെ കേസില്‍ നിന്ന് രക്ഷിക്കാനുള്ള അഞ്ചല്‍ പോലീസിന്റെയും ഭരണ നേതൃത്വത്തിന്റെയും നടപടിക്കെതിരെ പരാതിക്കാരി ചീഫ് ജസ്റ്റിസിനും, ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കും, പരാതി നല്കാന് ഒരുങ്ങുകയാണ്.